കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുകയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും ആശങ്കകളും അറിയിക്കാൻ 24 മണിക്കൂർ കൺട്രോൾ റൂമുകൾ കളമശേരി മെഡിക്കൽ കോളേജിലും എറണാകുളം ഡി.എം.ഒ ഓഫീസിലും പ്രവർത്തിക്കുന്നുണ്ട്. മെഡിക്കൽ കോളേജിലെ കൺട്രോൾ റൂമിലേക്ക് 8075774769 എന്ന നമ്പറിലും ഡി.എം.ഒ ഓഫീസിലെ കൺട്രോൾ റൂമിലേക്ക് 0484 2360802 എന്ന നമ്പറിലുമാണ് ബന്ധപ്പെടേണ്ടത്.
അതേസമയം, ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. കളമശേരി മെഡിക്കൽ കോളേജിൽ മൂന്ന് ഷിഫ്റ്റുകളിലായി ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെയും ഡി.എം.ഒ ഓഫീസിൽ മൂന്ന് ഷിഫ്റ്റുകളിലായി നാല് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ ഉൾപ്പെടെയുള്ളവരുടെയും സേവനം ലഭ്യമാണ്. പുക മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർക്കായി മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡ് തയ്യാറാക്കിയിട്ടുണ്ട്.
വടവുകോട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ 24 മണിക്കൂർ സേവനവുമുണ്ട്. തിങ്കളാഴ്ച മുതൽ ശ്വാസകോശ വിദഗ്ധന്റെ സേവനവും ആരംഭിച്ചിരുന്നു. പകൽ സമയങ്ങളിലാണ് ഇവരുടെ സേവനം ലഭ്യമാക്കുന്നത്. വ്യാഴാഴ്ച 12 പേർ ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകളെ തുടർന്നു ഡോക്ടറെ കാണാൻ എത്തിയിരുന്നു. ഇതിൽ മൂന്ന് പേർക്കായിരുന്നു പുകയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടായിരുന്നത്.
ബ്രഹ്മപുരത്തെ ആരോഗ്യ ഉപകേന്ദ്രത്തിലും പ്രത്യേക സൗകര്യങ്ങളുണ്ട്. ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെ നേഴ്‌സിന്റെയും ഒന്നിടവിട്ട ദിവസങ്ങളിൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ ക്യാമ്പും നടത്തിവരുന്നു. ശ്വാസതടസം നേരിടുന്നവർക്കായി ഓക്‌സിജൻ പാർലറുള്ള ആംബുലൻസും സർവസജ്ജമാണ്.
പുക ശമിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി എലിപ്പനി പ്രതിരോധ മരുന്ന് വിതരണം ചെയ്തു. ഇവർക്കായി പ്ലാന്റിലും സമീപത്തുള്ള കെ.എസ്.ഇ.ബി സബ് സ്റ്റേഷനിലും മുഴുവൻ സമയ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
അഗ്നിരക്ഷാ സേനയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രവർത്തനമാണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക അണയ്ക്കുന്നതിന് രാപ്പകൽ ഇല്ലാതെ നടക്കുന്നത്. കണ്ണൂർ മുതൽ തിരുവനന്തപുരം വരെയുള്ള ഫയർ യൂണിറ്റുകളിലെ ഇരുന്നൂറോളം അഗ്നി രക്ഷാപ്രവർത്തകർ പുക അണയ്ക്കുന്നതിനുള്ള അവസാനഘട്ട പ്രവർത്തനങ്ങളിലാണ്. 24 മണിക്കൂറും രണ്ട് ഷിഫ്റ്റ് ആയി പ്രവർത്തിക്കുന്നു.
110 ഏക്കറിൽ 70 ഏക്കറിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. തീ പിടിത്തം നിയന്ത്രിച്ചെങ്കിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ പുകയുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. 70 ശതമാനം പ്രദേശത്തെ പുകയൽ പൂർണ്ണമായും നിയന്ത്രിക്കാൻ കഴിഞ്ഞു. ബാക്കിയുള്ള 30 ശതമാനം പ്രദേശത്താണ് പുകയുള്ളത്.

