തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുമെന്ന് സിഎംഡി. ക്രമക്കേടുകള്‍ കെഎസ്ആര്‍ടിസിയുടെ വിജിലന്‍സ് വിഭാഗം അന്വേഷിക്കേണ്ടെന്നാണ് ബിജുപ്രഭാകറിന്റെ നിലപാട്.
പോക്‌സോ കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാരനെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ച എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ പിഎം ഷറഫ് മുഹമ്മദിനെതിരെയും ഉടന്‍ നടപടിയുണ്ടാകും. ഇയാള്‍ക്ക് കഴിഞ്ഞദിവസം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
2010-2013 കാലയളവിലെ 100 കോടി കാണാനില്ലെന്നും കൂടുതല്‍ പണം നഷ്‌ടപ്പെട്ടിട്ടുണ്ടോ എന്നകാര്യത്തില്‍ വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെഅഴിമതി ആരോപണം നേരിടുന്ന കെഎസ്ആര്‍ടിസി എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ കെഎം ശ്രീകുമാറിനെ എറണാകുളത്തേക്ക് സ്‌ഥലം മാറ്റുകയും ചെയ്‌തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസിയുടെ ആഭ്യന്തര വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നും വിജിലന്‍സ് അന്വേഷണത്തിന് കെഎസ്ആര്‍ടിസി ഉടന്‍ തന്നെ ശുപാര്‍ശ ചെയ്യുമെന്നുമാണ് സിഎംഡി തീരുമാനം.