കോവിഡില്‍ ആത്മഹത്യകള്‍ ആവര്‍ത്തിക്കപ്പെടും, സര്‍ക്കാരിന് കണ്ണും കാതും വേണമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: കോവിഡില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ താങ്ങിനിര്‍ത്തിയില്ലെങ്കില്‍ ആത്മഹത്യകള്‍ ആവര്‍ത്തിക്കപ്പെടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ജനങ്ങളുടെ ദുരിതം കാണാന്‍ സര്‍ക്കാരിന് കണ്ണും കാതും വേണമെന്നും, ഈ സര്‍ക്കാരിന് അതില്ലെന്നും, കോവിഡില്‍ എല്ലാം തകര്‍ന്നവരുടെ ജീവിതവും ഉപജീവനമാര്‍ഗവും നിലനിര്‍ത്താന്‍ നടപടി വേണമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

മാത്രമല്ല, പ്രതിപക്ഷം നിര്‍ദേശങ്ങള്‍ വയ്ക്കുന്നത് സാധാരണക്കാര്‍ക്കു വേണ്ടിയാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അവര്‍ പാടുപെടുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കടക്കെണിയില്‍പ്പെട്ട് കോട്ടയത്ത് ഇരട്ട സഹോദരങ്ങള്‍ ആത്മഹത്യ ചെയ്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചുള്ള ഇറങ്ങിപ്പോക്കിന് മുന്നോടിയായി സംസാരിക്കവെയായിരുന്നു വി.ഡി സതീശന്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

കോവിഡ് കാലത്തും ജപ്തി നടപടികള്‍ക്ക് സാഹചര്യമുണ്ടെന്നും, കഴിഞ്ഞ ഒന്നര മാസത്തിനിടെ 20 പേര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും, ഇതിനെതിരെ നടപടി വേണമെന്നുമായിരുന്നു തിരുവഞ്ചൂര്‍ അടിയന്തര പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയത്.