ന്യൂഡൽഹി: ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച ഒറ്റ ഡോസ് കൊവിഡ് വാക്‌സിൻ ഇന്ത്യയിൽ സംയുക്തമായി ഉത്പാദിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് അമേരിക്ക. ‘ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിൻ ഇന്ത്യയിൽ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നതിന് ഞങ്ങൾക്ക് എങ്ങനെ നിക്ഷേപം നടത്താമെന്ന് പരിശോധിച്ചുവരികയാണ്. കൂടാതെ ഇതുമായി ബന്ധപ്പെട്ട് ഫാർമസ്യൂട്ടിക്കൽ കമ്പനികൾ ഉൾപ്പടെയുള്ളവരുമായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്.’- അദ്ദേഹം പറഞ്ഞു.
മാനുഷിക ദുരന്തം എന്നതിലുപരി, ആഗോള പ്രത്യാഘാതങ്ങൾ ഉള്ളതു കൊണ്ടുകൂടിയാണ് ബൈഡൻ ഭരണകൂടം പ്രതിസന്ധിയെ നേരിടാൻ ഇന്ത്യയെ സഹായിക്കുന്നതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതോടൊപ്പം ലോകത്ത് കൊവിഡ് 19 വാക്‌സിനുകൾ ഉത്പാദിപ്പിക്കുന്നതിൽ ഇന്ത്യയുടെ പങ്ക് നിർണായകമാണെന്ന് ഡാനിയൽ ബി സ്മിത്ത് കൂട്ടിച്ചേർത്തു.
ഒറ്റ ഡോസ് ആയതിനാൽ വാക്‌സിൻ വിതരണം വേഗത്തിലാക്കാൻ സാധിക്കും.സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ (എസ്‌ഐഐ) ഉൾപ്പടെയുള്ള വാക്‌സിൻ നിർമ്മാതാക്കളെ സഹായിക്കുന്നതിനുള്ള മാർഗങ്ങളും അമേരിക്ക പരിശോധിക്കുന്നുണ്ടെന്ന് യുഎസ് എംബസിയിലെ ഉദ്യോഗസ്ഥനായ ഡാനിയൽ ബി സ്മിത്ത് പറഞ്ഞു.ഇന്ത്യയിലെ മഹാമാരിയുടെ ഗതിയെക്കുറിച്ച് യുഎസിന് ആശങ്കയുണ്ട്.