രാജ്യം “കോവിഡിനും മോദിയ്ക്കും ഇടയിൽ”;തോമസ് ഐസക്

തിരുവനന്തപുരം; കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സംസ്ഥാന ധനമന്ത്രി ടി.എം. തോമസ് ഐസക്. സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കുമുള്ള കോവിഡ് വാക്സീന്റെ വില നിശ്ചയിക്കാൻ വാക്സീൻ കമ്പനികൾക്കു അനുമതി കൊടുത്തതിലാണ് തോമസ് ഐസക് പ്രതിഷേധം പ്രകടിപ്പിച്ചിരിക്കുന്നത്. “ചെകുത്താനും കടലിനും ഇടയിൽ ” എന്ന പഴഞ്ചൊല്ല്, “കോവിഡിനും മോദിയ്ക്കും ഇടയിൽ” എന്ന് പുതുക്കുകയാണ് രാജ്യമെന്നും ധനമന്ത്രി വിമർശിക്കുന്നു.

കോവിഡ് പടർന്നു പിടിച്ച് മരണസംഖ്യ പെരുകുന്ന ഈ സമയത്ത് പ്രതിരോധ വാക്സിന്റെ വിലനിർണയാധികാരം മുഴുവൻ മരുന്ന് നിർമ്മാണ കമ്പനികൾക്ക് കൈമാറാൻ മോദിയ്ക്കും കൂട്ടർക്കുമല്ലാതെ ആർക്കു കഴിയും? പാവപ്പെട്ടവന്റെ ജീവൻ വൈറസ് എടുത്തോട്ടെ, പണമുള്ളവൻ മാത്രം അതിജീവിച്ചാൽ മതിയെന്നാണ് മോദിയും സംഘവും നിർലജ്ജം പ്രഖ്യാപിക്കുന്നത്.

ഈ നയത്തിന് പാട്ട കൊട്ടി പിന്തുണ പാടാൻ നമ്മുടെ നാട്ടിലും ആളുണ്ട് എന്നതാണ് അതിനേക്കാൾ ലജ്ജാകരം– തോമസ് ഐസക് കുറിച്ചു.മഹാവ്യാധിയുടെ ആധിയിൽ കഴിയുന്ന ജനങ്ങളുടെ മടിശീല കുത്തിക്കവരാനിറങ്ങുന്ന പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും രാജ്യത്തിന്റെ മഹാശാപമാണെന്നു ധനമന്ത്രി വിമർശിച്ചു. സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെയായിരുന്നു ധനമന്ത്രിയുടെ വിമർശനം.