ഏകസിവിൽ കോഡ് എല്ലാവിഭാഗങ്ങളെയും ബാധിക്കുന്ന ഗുരുതര പ്രശ്നമെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ്. വിഷയത്തിൽ നിയമ കമ്മീഷന് മുന്നിൽ ശക്തമായ എതിർപ്പറിയിക്കാനാണ് മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് പിന്നാലെ മുസ്ലീം വ്യക്തിനിയമ ബോർഡ് അടിയന്തര യോഗം ചേരുകയായിരുന്നു.
തുടർന്നാണ് ഏക സിവിൽ കോഡിനെ പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്നു മുസ്ലീം വ്യക്തിനിയമ ബോർഡ് അറിയിച്ചത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏകസിവിൽ കോഡ് പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവൻ രംഗത്തെത്തി.
ഏക സിവിൽ കോഡ് ആദ്യം നടപ്പാക്കേണ്ടത് ഹിന്ദുമതത്തിലാണെന്നും നടപ്പാക്കിയാൽ എല്ലാ ജാതികളിലുള്ളവർക്കും ക്ഷേത്രത്തിൽ പൂജ ചെയ്യാൻ അനുമതി ലഭിക്കുമെന്നും ഡിഎംകെ നേതാവ് പറഞ്ഞു. ഹിന്ദുമതത്തിലാണ് ഏകസിവിൽ കോഡ് ആദ്യം നടപ്പാക്കേണ്ടത്.
അങ്ങനെയെങ്കിൽ പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്ക് ക്ഷേത്രത്തിൽ പൂജ ചെയ്യാൻ അനുവാദമുണ്ടാകുമെന്നും ഇളങ്കോവൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രതിപക്ഷം ഒന്നടങ്കം സിവില്‍കോഡിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

