അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതി പുനർനിർമ്മാണത്തിൽ ക്രമക്കേട്: അന്വേഷണം നടത്താൻ സിഎജി

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോഗിക വസതി പുനർനിർമ്മിച്ചതിൽ ക്രമക്കേടുകളും നിയമലംഘനങ്ങളും നടന്നുവെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ സിഎജി. ക്രമക്കേട് കണ്ടെത്തുന്നതിനായി പ്രത്യേക ഓഡിറ്റ് നടത്താൻ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ തീരുമാനിച്ചു. 53 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം പുനർനിർമിച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഔദ്യോഗിക വസതി പുനർ നിർമ്മാണത്തിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നാണ് ഉയരുന്ന ആരോപണം.

ലഫ്റ്റനന്റ് ഗവർണർ വി കെ സക്സേന വസതി പുനർനിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിഎജി അന്വേഷണം നടത്തുന്നത്. ഡൽഹി ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ലഫ്റ്റനന്റ് ഗവർണറുടെ നീക്കം. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലല്ലാതിരുന്ന കെട്ടിടത്തിൽ അനുമതി നേടാതെയാണ് നവീകരണം ആരംഭിച്ചതെന്നാണ് പ്രധാന വിമർശനം.

നിർമ്മാണവുമായി ബന്ധപ്പെട്ട് വ്യാപക ക്രമക്കേടുകളും നിയമലംഘനങ്ങളുമാണ് ഉണ്ടായിരിക്കുന്നതെന്ന് ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പാലിക്കേണ്ട വിവിധ നിയമങ്ങൾ പാലിച്ചിട്ടില്ല. എസ്റ്റിമേറ്റ് തുകയൂടെ മൂന്നിരട്ടിയാണു ചെലവഴിച്ചതെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.