ലോകകപ്പ് വേദികളിൽ കേരളത്തെ തഴഞ്ഞു; നിരാശപ്പെടുത്തുന്ന കാര്യമെന്ന് ശശി തരൂർ

തിരുവനന്തപുരം: ലോകകപ്പ് വേദികളിൽ കേരളത്തെ തഴഞ്ഞതിനെതിരെ പ്രതിഷേധം അറിയിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ഇന്ത്യയിലെ തന്നെ മികച്ച ക്രിക്കറ്റ് സ്റ്റേഡിയമെന്ന് പലരും വിലയിരുത്തിയ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ ലോകകപ്പ് വേദികളിൽ നിന്ന് ഒഴിവാക്കിയത് നിരാശപ്പെടുത്തുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഐസിസി പുറത്തുവിട്ട ലോകകപ്പ് മത്സരക്രമവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

അഹമ്മദാബാദ് രാജ്യത്തെ പുതിയ ക്രിക്കറ്റ് തലസ്ഥാനമാകുകയാണ്. ഒന്നോ രണ്ടോ മത്സരങ്ങളെങ്കിലും കേരളത്തിന് അനുവദിച്ചുകൂടേയെന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്.

ലോകകപ്പിന്റെ സന്നാഹ മത്സരങ്ങൾ മാത്രമാണ് കേരളത്തിൽ നടത്തുക. തിരുവനന്തപുരത്തും ഗുവാഹത്തിയിലും ഹൈദരാബാദിലും സന്നാഹ മത്സരങ്ങൾ നടക്കും. പ്രധാന മത്സരങ്ങൾ നടക്കുന്നത് ആകെ 10 വേദികളിലാണ്. അഹമ്മദാബാദ്, ഹൈദരാബാദ്, ധരംശാല, ഡൽഹി, ചെന്നൈ, ലഖ്‌നൗ, പുണെ, ബെംഗളൂരു, മുംബൈ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാന വേദികളുള്ളത്.