മണിപ്പൂർ വിഷയത്തിൽ രൂക്ഷ വിമർശനം നടത്തി സുപ്രീം കോടതി

ന്യൂ ഡൽഹി : മണിപ്പൂരിൽ ഭരണഘടനാ സംവിധാനം തകർന്നുവെന്നും ക്രമസമാധാനം പോലുമില്ലാത്ത സ്ഥലത്ത് എങ്ങനെ നീതി നടപ്പാക്കാൻ പറ്റുമെന്നും രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഇത്തരത്തിൽ വിമർശനം ഉന്നയിച്ചത്. ആൾക്കൂട്ടത്തിന് തന്നെ വിട്ട് നൽകിയത് പോലീസാണെന്ന് നഗ്നയായി റോഡിലൂടെ നടത്തി ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ മൊഴി നല്കിയിരുന്നു. ഈ മൊഴിയെ ഉദ്ധരിച്ച് കൊണ്ട് ഈ കേസിൽ ആരെയൊക്കെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

സി ബി ഐ അന്വേഷണം നടന്ന ശേഷം വെള്ളിയാഴ്ച്ച റിപ്പോർട്ട് നൽകാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത അറിയിച്ചു. നാലാം തീയതി നടന്ന സംഭവത്തിൽ എന്തുകൊണ്ടാണ് വൈകി ഏഴാം തീയതി എഫ് ഐ ആർ തയ്യാറാക്കിയതെന്ന് കടുപ്പിച്ച് കോടതി ചോദിച്ചിട്ടുണ്ട്. സ്ത്രീയെ കാറിൽ നിന്ന് വലിച്ചിഴച്ചതും അവരുടെ മകനെ അടിച്ചു കൊന്നതുമായ കേസിൽ 302 മത്തെ വകുപ്പ് പ്രകാരം കേസെടുക്കാത്തതെന്തെന്ന് കോടതി ചോദിച്ചപ്പോൾ സിസിടി വി ദൃശ്യങ്ങൾ ലഭിച്ചില്ലെന്നാണ് മറുപടി ലഭിച്ചത്. മെയ് തുടക്കം മുതൽ ജൂലൈ വരെ മണിപ്പൂരിൽ നിയമം ഇല്ലായിരുന്നെന്നും അന്വേഷണവും അറസ്റ്റും ഇഴയുകയാണെന്നും ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി.

മണിപ്പൂരിലെ കലാപവും അറസ്റ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഡി ജി പി നേരിട്ട് ഹാജരായി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. കൂടാതെ മണിപ്പൂർ കലാപത്തിലെ 6500 എഫ് ഐ ആറും സി ബി ഐയ്ക്ക് അന്വേഷിക്കാൻ കഴിയാത്തതിനാൽ ഹൈക്കോടതി മുൻ ജഡ്ജിമാരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നതായും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. 118 ഗോത്ര വർഗക്കാരുടെ മൃതദേഹം മോർച്ചറിയിലാണെന്നും അവ തിരിച്ചറിയാൻ ബന്ധുക്കൾക്ക് എത്താൻ കഴിയുന്നില്ലെന്നും ഗോൺസാൽവാസ് പറഞ്ഞു. എത്ര ആരോഗ്യ കേന്ദ്രങ്ങൾ മണിപ്പൂരിലുണ്ടെന്നും സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടോയെന്നും പഠിക്കുന്ന കുട്ടികളുടെ എണ്ണം എത്രയാണെന്നുംജസ്റ്റിസ് പാർദി വാല ചോദിച്ചു. എല്ലാ വിവരങ്ങളും ഇന്ന് ഫയൽ ചെയ്ത റിപ്പോർട്ടിൽ അറിയിക്കാമെന്ന് മെഹ്ത കോടതിയോട് പറഞ്ഞപ്പോൾ കലാപം നടക്കുന്ന ഭാഗത്തെ സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണെന്ന് ഗോൺസാൽവസ് മറുപടി നൽകി. വിഷയം അടുത്ത തിങ്കളാഴ്ച്ച ഉച്ചയ്ക്ക് കോടതി പരിഗണിക്കും.