യാതൊരു നാണവുമില്ലാതെ കള്ളം പറയുന്ന ഈ മന്ത്രി കേരളത്തിന് അപമാനം; ആർ ബിന്ദുവിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. തുടർച്ചയായി നടത്തുന്ന ക്രമക്കേടുകൾ ബിന്ദു മന്ത്രിസ്ഥാനത്തിന് അർഹയല്ലെന്ന് ഓരോ വട്ടവും തെളിയിക്കുകയാണെന്ന് കോൺഗ്രസ് വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ മന്ത്രി എന്ന പദവിക്ക് യോജിക്കാത്ത രീതിയിലുള്ള അപഹാസ്യകരമായ പല പ്രവൃത്തികളും മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. യാതൊരു നാണവുമില്ലാതെ കള്ളം പറയുന്ന ഈ മന്ത്രിയും മറ്റു പല മന്ത്രിമാരെയും പോലെ തന്നെ കേരളത്തിന് അപമാനമാണെന്ന് കോൺഗ്രസ് പരിഹസിച്ചു.

മന്ത്രി ബിന്ദുവിന് പണ്ട് പ്രിൻസിപ്പലായി ചാർജ് ലഭിച്ച കഥ നാട്ടിൽ പാട്ടാണ്. എന്നിട്ടും യാതൊരു ഉളുപ്പുമില്ലാതെ താൻ പ്രിൻസിപ്പലായി ജോലി ചെയ്തിട്ടില്ല എന്ന കള്ളം പറഞ്ഞ മന്ത്രിയെ പൊതുസമൂഹം തന്നെ വിലയിരുത്തട്ടെ. അർഹരായവരെ വെട്ടി മാറ്റി അനർഹമായി സ്വന്തമാക്കിയ പദവിയായതുകൊണ്ടാകാം പ്രിൻസിപ്പൽ ആയിരുന്നു എന്ന് പറയാൻ ബിന്ദുവിന് നാണക്കേട് തോന്നുന്നതെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.