തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണങ്ങളിൽ പ്രതികരണവുമായി ഐ ജി ഗുഗുലോത്ത് ലക്ഷ്മൺ. മോൻസൺ മാവുങ്കൽ ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിൽ തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണങ്ങൾ വന്നത് തന്റെ അറിവോടെയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടി അദ്ദേഹം ചീഫ് സെക്രട്ടറി വി വേണുവിന് കത്ത് നൽകുകയും ചെയ്തു.
തന്റെ അഭിഭാഷകനോട് ഹർജി പിൻവലിക്കാൻ ഐ ജി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയിൽ സമർപ്പിച്ച ഹർജി താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് ഐ ജി ലക്ഷ്മൺ ചീഫ് സെക്രട്ടറിയ്ക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നു. ഹർജിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരാമർശങ്ങളുള്ള വിവരം മാദ്ധ്യമ വാർത്തകളിലൂടെയാണ് താൻ അറിഞ്ഞതെന്നും കത്തിൽ പറയുന്നുണ്ട്.
ചില സാമ്പത്തിക ഇടപാടുകളിൽ മദ്ധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ ഒത്തുതീർക്കാനും മുഖ്യമന്ത്രിയുടെ ഓഫീസിൽ ഒരു ഭരണഘടനാതീത അതോറിറ്റി ഉണ്ടെന്നും, ഹൈക്കോടതി ആർബിട്രേറ്റർമാർക്ക് വിടുന്ന തർക്കങ്ങൾ പോലും ഈ അതോറിറ്റിയാണ് പരിഹരിക്കുന്നതെന്നുമാണ് അഡ്വ. നോബിൾ മാത്യു മുഖേന ഐ ജി നൽകിയ ഹർജിയിൽ വ്യക്തമാക്കിയിരുന്നത്.

