എതിർ ചേരിയിൽ നിൽക്കുമ്പോഴും ഉമ്മൻ ചാണ്ടിയുമായി മികച്ച വ്യക്തി ബന്ധം ; അന്ത്യയാത്രയിൽ വഴിയിലുടനീളം അനുഗമിച്ച് മന്ത്രി

കോട്ടയം : ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരം നഗരാതിർത്തി പിന്നിട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ റോഡിന് ഇരുവശവും ആളുകൾ തടിച്ച് കൂടി നിൽക്കുകയാണ്. തിരുവനന്തപുരത്തെ പൊതു ദർശനത്തിന് ശേഷം ബുധനാഴ്ച്ച രാവിലെ 7 മണിയോട് കൂടിയാണ് വിലാപ യാത്ര കെ എസ് ആർ ടി സി ബസിൽ കോട്ടയത്തേക്ക് തിരിച്ചത്. മുൻ മുഖ്യമന്ത്രിയുടെ അന്ത്യയാത്രയിൽ വഴിയിലുടനീളം വി എൻ വാസവനും അനുഗമിക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയുടെ തലസ്ഥാനത്തിലൂടെയുള്ള
അവസാന യാത്രയിൽ തന്റെ ഔദ്യോഗിക വാഹനത്തിൽ സർക്കാരിന്റെ പ്രതിനിധിയായാണ് വിലാപയാത്രയിൽ സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി എൻ വാസവനും പങ്ക് ചേർന്നത്.

കോട്ടയം ജില്ലയുടെ ചുമതലക്കാരനായ മന്ത്രിയെന്നതിലുപരി ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹവും ബഹുമാനവും ഈ യാത്രയ്ക്ക് കാരണമാണെന്ന് വി വാസവൻ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻചാണ്ടിയെ വിദ്യാർത്ഥി രാഷ്ട്രീയ കാലം മുതൽ അറിയാമെന്നും അണമുറിയാത്ത ആൾക്കൂട്ടമാണ് കുഞ്ഞൂഞ്ഞിനെ കാണാൻ വഴിയിലുടനീളം കാത്തു നിന്നതെന്നും മന്ത്രി പറഞ്ഞു. 1980 ൽ ഉമ്മൻചാണ്ടിക്ക് വേണ്ടി വീട് കയറി പ്രചാരണം നടത്തിയെന്നും പിൽക്കാലത്തു അദ്ദേഹത്തിനെതിരെ പാർട്ടി ഏൽപ്പിച്ചതിനാൽ എതിരാളിയായി മത്സരിച്ച്ചെന്നും തന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് ഉമ്മൻചാണ്ടിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തനിക്ക് ഉമ്മൻ ചാണ്ടിയെന്ന വ്യക്തിയുമായി അഗാധമായ ആത്മബന്ധമുണ്ടെന്നും കേരളത്തിലെ അതികായനായ നേതാവാണ് അദ്ദേഹമെന്നും പറഞ്ഞാണ് വാസവൻ വാക്കുകൾ അവസാനിപ്പിച്ചത്.