തിരുവനന്തപുരം: നിയമന ശുപാർശാ മെമ്മോകൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും ലഭ്യമാക്കുവാൻ തീരുമാനിച്ച് കേരളാ പിഎസ്‌സി. ജൂലൈ 1 മുതൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമന ശുപാർശകളാണ് ഇത്തരത്തിൽ ലഭ്യമാകുക. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിഎസ്‌സി ഇ്ക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ തപാൽ മാർഗ്ഗമാണ് നിയമന ശിപാർശകൾ അയക്കുന്നത്. ആ രീതി തുടരുന്നതാണ്. അതോടൊപ്പം ഉദ്യോഗാർത്ഥികൾക്ക് ഒടിപി സംവിധാനം ഉപയോഗിച്ച് സുരക്ഷിതമായി അവരുടെ പ്രൊഫൈലിൽ നിന്നും നിയമന ശുപാർശ നേരിട്ട് ഡൗൺലോഡ് ചെയ്യാം. ക്യുആർ കോഡോടു കൂടിയുള്ള നിയമന ശുപാർശാ മെമ്മോയായിരിക്കും പ്രൊഫെയിലിൽ ലഭ്യമാക്കുക .അവ സ്‌കാൻ ചെയ്ത് ആധികാരികത ഉറപ്പാക്കുവാൻ നിയമനാധികാരികൾക്ക് സാധിക്കും. വിലാസത്തിലെ അവ്യക്തത മൂലമോ വിലാസം മാറിയതു മൂലമോ നിയമന ശിപാർശാ മെമ്മോകൾ യഥാസമയം ലഭിച്ചില്ലെന്ന പരാതികൾക്ക് ഇതോടെ പരിഹാരമാവും. കാലതാമസമില്ലാതെ നിയമന ശുപാർശ ലഭിക്കുകയും ചെയ്യും.
വിവിധ വകുപ്പുകളിലേക്കുള്ള നിയമന ശുപാർശാ കത്തുകൾ ഇ- വേക്കൻസി സോഫ്റ്റ് വെയർ മുഖാന്തിരം നിയമനാധികാരിക്ക് നേരിട്ട് ലഭ്യമാക്കുവാനും തീരുമാനിച്ചു.

