കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച്ച. ഉമ്മൻചാണ്ടിയ്ക്കായി പ്രത്യേക കബറിടമാണ് ഒരുക്കുന്നത്. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് ദേവാലയത്തിന്റെ കിഴക്കേ ദിക്കിൽ വൈദിക ശ്രേഷ്ഠരുടെ കബറിടങ്ങളുടെ സമീപത്താണ് ഉമ്മൻചാണ്ടിക്ക് അന്ത്യവിശ്രമസ്ഥലം തയ്യാറാക്കുന്നത്. ഓർഡർ ഓഫ് സെന്റ് ജോർജ് ബഹുമതി നൽകി ദേവാലയം ആദരിച്ച തങ്ങളുടെ പ്രിയ ഇടവകാംഗത്തെ സർവ്വ ബഹുമതികളോടെയും യാത്രയാക്കാനാണ് വിശ്വാസ സമൂഹത്തിന്റെ തീരുമാനം.
കരോട്ട് വള്ളകാലിലെ കുടുംബകല്ലറ ഒഴിവാക്കിയാണ് പള്ളി മാനേജിംഗ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ഉമ്മൻചാണ്ടിയ്ക്കായി പ്രത്യേക കല്ലറ പണിഞ്ഞത്. രാഷ്ട്രീയ കേരളത്തിലെ നികത്താനാവാത്ത നഷ്ടമാണ് ഉമ്മൻചാണ്ടിയുടെ വിയോഗം. ചൊവ്വാഴ്ച്ച പുലർച്ചെ 4.25 നാണ് ഉമ്മൻചാണ്ടി മരിച്ചത്.
ബംഗളുരുവിൽ ചകിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കാൻസർ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു ഉമ്മൻ ചാണ്ടി. 2004 -2006 ,2011 -2016 കാലഘട്ടത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. 50 വർഷത്തോളം പുതുപ്പള്ളി മണ്ഡലത്തിലെ എം എൽ എ ആയിരുന്നു.

