ചക്രവാതച്ചുഴിയും ന്യുനമർദ്ദവും ; കേരളത്തിൽ മഴ കനക്കുമെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രം

തിരുവനന്തപുരം : കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ഒഡീഷ വടക്കൻ ആന്ധ്ര പ്രദേശ് തീരപ്രദേശത്തിനും മുകളിലാണ് ചക്രവാത ചുഴി നിലനിൽക്കുന്നത്. 24 മണിക്കൂറിനുള്ളിൽ ഇത് വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവിഭാഗം അറിയിച്ചു.

ഒറ്റ പെട്ട പ്രദേശങ്ങളിൽ ജൂലൈ 19 മുതൽ 23 വരെ ശക്തമായ മഴയ്ക്കും കേരളത്തിൽ വ്യാപകമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്. ഇന്ന് കേരളത്തിൽ 4 ജില്ലകളിൽ യെല്ലോ അലേർട്ട് മുന്നറിയിപ്പുണ്ട്. കോഴിക്കോട്, മലപ്പുറം,കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഞ്ഞ ജാഗ്രത നിർദ്ദേശമുള്ളത്.