അഴിമതിക്കാരും കുടുംബവാഴ്ചക്കാരുമായ പാർട്ടികൾ രാജ്യത്തോട് ചെയ്തത് അനീതി; പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്കാരും കുടുംബവാഴ്ചക്കാരുമായ പാർട്ടികൾ രാജ്യത്തോട് ചെയ്തത് അനീതിയാണെന്ന് അദ്ദേഹം ആരോപിച്ചു. പോർട്ട് ബ്ലെയറിലെ വീർ സവർക്കർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ സംയോജിത ടെർമിനൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

”ആദ്യം കുടുംബത്തിന്റെ കാര്യം, രാജ്യം പ്രധാനമല്ല” എന്നതാണ് അവരുടെ മുദ്രാവാക്യം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി 26 പാർട്ടികൾ ഒന്നിച്ചിരിക്കുകയാണ്. ഈ പാർട്ടികൾ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. അത് ജാതിവാദവും അഴിമതിയുമാണ്. 20 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തും എന്ന ഗ്യാരണ്ടിയാണ് അവർ നൽകുന്നത്. എല്ലാവരെയും ഒരു ഫ്രെയിമിൽ ഒരുമിച്ച് കാണുമ്പോൾ ഒരു കാര്യം മാത്രമേ ജനങ്ങളുടെ മനസിലേക്ക് ഓടിയെത്തുകയുള്ളൂ, ഒരു ഫ്രെയിമിൽ ലക്ഷക്കണക്കിന് അഴിമതി എന്ന വസ്തുതയായിരിക്കും അതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ചില പാർട്ടികൾ സ്വന്തം കുടുംബത്തിന്റെ താത്പര്യങ്ങൾക്കാണ് രാജ്യത്തിന്റെ ക്ഷേമത്തേക്കാൾ മുൻഗണന നൽകുന്നത്. ശുദ്ധ അഴിമതി സമ്മേളനത്തിന് വേണ്ടിയാണ് പ്രതിപക്ഷ നേതാക്കൾ ബംഗളൂരുവിൽ ഒത്തുകൂടിയിരിക്കുന്നത്. ഇന്ത്യ ജനാധിപത്യ വ്യവസ്ഥിതിയിൽ സഞ്ചരിക്കുമ്പോഴും കുടുംബാധിപത്യത്തെ അന്ധമായി പിന്തുണയ്ക്കുന്നവരാണ് പ്രതിപക്ഷ പാർട്ടികളിലുള്ളത്. അഴിമതിയുടെ ഉച്ചക്കോടിയാണ് പ്രതിപക്ഷ സമ്മേളനം. കുടുംബം, കുടുംബത്തിന് വേണ്ടി, കുടുംബാംഗങ്ങളാൽ എന്നതാണ് അവരുടെ കാഴ്ചപ്പാടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ അദ്ദേഹം ഉയർത്തിക്കാട്ടുകയും ചെയ്തു. എല്ലാവരേയും ഉൾക്കൊള്ളുന്ന, അവസരങ്ങൾക്ക് പ്രാധാന്യം നൽകുന്ന സർക്കാരാണ് ഇപ്പോഴുള്ളത്. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ വികസനത്തിനായി മുൻ സർക്കാർ ചെലവഴിച്ചതിന്റെ ഇരട്ടി തുകയാണ് ഞങ്ങളുടെ സർക്കാർ ചെലവഴിച്ചത്. വികസന പ്രവർത്തനങ്ങളിൽ ബിജെപി സർക്കാരിന്റെ ശ്രമങ്ങൾ ദ്വീപുകളിലെ വിനോദസഞ്ചാരത്തിന്റെ വളർച്ചയ്ക്ക് കാര്യമായ സംഭാവന നൽകിയിട്ടുണ്ടെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.