ഡൽഹി : മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ നരഹത്യ കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ട രാമൻ. നരഹത്യ കുറ്റത്തിന് തെളിവില്ലെന്നു പറഞ്ഞാണ് ഇയാൾ കോടതിയെ സമീപിച്ചിരിക്കുന്നത്. വെങ്കിട്ട റാമിനെതിരെയുള്ള നരഹത്യ കുറ്റം ഒഴിവാക്കിയ കോടതി വിധിക്കെതിരെ സർക്കാർ നൽകിയ ഹർജിയിൽ ഏപ്രിൽ 13 നാണ് ഹൈക്കോടതി ഇയാൾക്കെതിരെ കുറ്റം നിലനിൽക്കുമെന്ന വിധി പ്രഖ്യാപിച്ചത്. അന്വേഷണ സംഘം സമർപ്പിച്ച ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ തന്റെ ശരീരത്ത് മദ്യത്തിന്റെ അംശം ഇല്ലായിരുന്നുവെന്നും അതിനാൽ തനിക്കെതിരെ കേസ് നില നിൽക്കില്ലെന്നും ഇത് മോട്ടോർ വാഹന വകുപ്പ് പ്രകാരമുള്ള കേസാണെന്നും ശ്രീറാം വാദിച്ചു.
2019 ഓഗസ്റ്റ് 3 ന് പുലർച്ചയെയാണ് ശ്രീറാം വെങ്കിട്ട രാമനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനമിടിച്ച് ബഷീർ മരിച്ചത്. 2020 ഫെബ്രുവരിയിൽ സമർപ്പിച്ച 66 പേജുള്ള കുറ്റ പത്രത്തിൽ 84 രേഖയും 72 തൊണ്ടി മുതലും പോലീസ് ഹാജരാക്കിയിരുന്നു. 100 സാക്ഷി മൊഴികൾ ഉണ്ടായിട്ടും മനഃപൂർവമല്ലാത്ത നരഹത്യ, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ശ്രീറാമിനെതിരെ ചുമത്തിയത്.പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിവ.

