ന്യൂഡൽഹി: കേരളാ പോലീസ് തനിക്ക് സൗജന്യമായി സുരക്ഷ ഉറപ്പാക്കിയെന്ന് സുപ്രീം കോടതിയെ അറിയിച്ച് ബെംഗളൂരു സ്ഫോടന കേസിലെ പ്രതി അബ്ദുൾ നാസർ മഅദനി. കേരളത്തിൽ തങ്ങിയ 12 ദിവസവും കേരളാ പോലീസ് തനിക്ക് സൗജന്യ സുരക്ഷ നൽകിയെന്നാണ് മഅദനി വ്യക്തമാക്കിയത്. അതേസമയം, കേരളത്തിലേക്ക് വന്ന കർണാടക പോലീസ് ഉദ്യോഗസ്ഥർ സ്വകാര്യ ഹോട്ടലിൽ താമസിച്ചതിന്റെ എല്ലാ ചെലവുകളും തനിക്ക് വഹിക്കേണ്ടി വന്നുവെന്നും മഅദനി കോടതിയിൽ വ്യക്തമാക്കി. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത അധിക സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
കർണാടകാ പോലീസിന് സുരക്ഷയ്ക്കായി നൽകിയ 6.76 ലക്ഷത്തിന് പുറമെയാണ് ഈ ചെലവെന്നും അദ്ദേഹം വിശദമാക്കി. ജൂൺ 26 മുതൽ ജൂലായ് ഏഴ് വരെ വരെയാണ് മഅദനി കേരളത്തിൽ ഉണ്ടായിരുന്നത്. ജൂൺ 26-ന് അസുഖം ബാധിച്ചതിനെ തുടർന്ന് മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ കാലയളവിൽ സുരക്ഷയ്ക്കായി പണം നൽകിയതിനൊപ്പം ഒപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ താമസം, ഭക്ഷണം എന്നിവയുടെ ചെലവ് തനിക്ക് വഹിക്കേണ്ടി വന്നു. തനിക്ക് സുരക്ഷ ഉറപ്പാക്കാൻ വന്ന പോലീസ് ഉദ്യോഗസ്ഥർ സ്വകാര്യ ഹോട്ടലുകളിലാണ് താമസിച്ചതെന്നും അദ്ദേഹം അറിയിച്ചു.
കേരളത്തിൽ എത്തിയ ദിവസം തന്നെ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ചതിനാൽ മഅദനിയ്ക്ക് പിതാവിനെ കാണാൻ കഴിഞ്ഞില്ല. വൃക്കമാറ്റിവെക്കൽ ഉൾപ്പടെ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ നാട്ടിൽ ചികിത്സയ്ക്ക് വിധേയമാകാൻ അനുവദിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. എല്ലാ ബന്ധുക്കളും കേരളത്തിലാണുള്ളത്. അതിനാൽ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിച്ച് കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

