മലപ്പുറം: മലബാറിൽ പ്ലസ് വണ്ണിന് ഇനിയും പ്രവേശനം കാത്തിരിക്കുന്നത് ഇരുപത്തൊമ്പതിനായിരത്തോളം കുട്ടികൾ. ഇതിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ നിന്നാണ്. മലബാർ എജുക്കേഷനൽ മൂവ്‌മെന്റ് എന്ന സംഘടനയാണ് ഇതുസംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്. പണം കൊടുത്ത് പഠിക്കേണ്ട എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകളും ഓപ്പൺ സ്‌കൂൾ സംവിധാനവുമാണ് ഇവർക്ക് മുന്നിലുള്ള വഴി.
കാസർകോട് മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ നിന്നും 50398 പേരായിരുന്നു സപ്ലിമെന്ററി അലോട്ട്‌മെന്റിൽ അപേക്ഷകർ. 21,762 കുട്ടികൾക്കാണ് അലോട്ട്‌മെന്റ് ലഭിച്ചത്. 28,636 കുട്ടികൾക്ക് മലബാറിൽ പ്രവേശനം ആയിട്ടില്ല. മലപ്പുറം ജില്ലയിൽ മാത്രം 13654 കുട്ടികൾക്ക് സീറ്റായിട്ടില്ല. മാനേജ്‌മെന്റ്, അൺ എയ്ഡഡ് സ്‌കൂകളിലാണ് ഇനി സീറ്റ് ഒഴിവുള്ളത്.

