മുസ്ലിംലീഗിനെ ക്ഷണിച്ചതിൽ അതൃപ്തി; ഏക സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ സിപിഐയിലെ മുതിർന്ന നേതാക്കൾ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ സിപിഐയിലെ മുതിർന്ന നേതാക്കൾ പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. ദേശീയ കൗൺസിൽ ചേരുന്നതിനാൽ മുതിർന്ന നേതാക്കൾക്ക് സെമിനാറിൽ പങ്കെടുക്കാൻ കഴിയില്ല എന്നാണ് പാർട്ടി നൽകുന്ന വിശദീകരണം. ഇ കെ വിജയൻ എംഎൽഎ ആയിരിക്കും സിപിഐയെ പ്രതിനിധീകരിച്ച് സിപിഎം സെമിനാറിൽ പങ്കെടുക്കുന്നത്. യുഡിഎഫിലെ പ്രമുഖ ഘടകകക്ഷിയായ മുസ്ലിംലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതിൽ സിപിഐക്ക് അതൃപ്തി ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.

എൽഡിഎഫിനെ നയിക്കുന്ന പാർട്ടി എന്തിനാണ് ലീഗിനെ ക്ഷണിക്കുന്നതെന്ന ചോദ്യമാണ് സിപിഐ ഉന്നയിക്കുന്നത്. ഏക സിവിൽ കോഡിനെതിരെ തിടുക്കപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുന്നതിനും സിപിഐക്ക് അതൃപ്തിയുണ്ട്. കരട് നിയമം പോലും ആകാത്ത സാഹചര്യത്തിൽ വലിയ പ്രതിഷേധങ്ങൾ വേണോ എന്നാണ് സിപിഐ ചോദിക്കുന്നത്.

അതേസമയം, ഏക സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ സിപിഐ പങ്കെടുക്കുമെന്ന് ബിനോയ് വിശ്വം അറിയിച്ചിരുന്നു. വ്യക്തി നിയമങ്ങളിൽ മാറ്റം അടിച്ചേൽപ്പിക്കാനുള്ളതല്ലെന്നും ബിജെപി ന്യുനപക്ഷങ്ങളെ കാണുന്നത് ഇന്ത്യക്കാരായിട്ടല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നവീന ആശയങ്ങളെ അതേപോലെ കാണാൻ തയ്യാറാവണം. വ്യക്തിനിയമങ്ങളിൽ മാറ്റം വരണമെന്നും ഇസ്ലാം മതത്തിനുള്ളിൽ തന്നെ മാറ്റത്തിനായി ആവശ്യം ഉയരുന്നുണ്ട്. അത്തരം ചിന്തകളെ പാപമായി കാണരുത്. സ്ത്രീകളുടെ അവകാശ ബോധം ഉയർന്നു വരുന്നുണ്ട്. ബിജെപി രാഷ്ട്രീയ അജണ്ട ലക്ഷ്യംവെച്ചാണ് ഏക സിവിൽ കോഡുമായി മുന്നോട്ടുപോകുന്നതെന്നും ബിനോയ് വിശ്വം വിമർശിച്ചു.

എല്ലാ മതത്തിലും നവീനമായ ചിന്തകൾ ശക്തിപ്പെടുന്നുണ്ട്. ആ ചിന്തകളെ പാപമായി ഒരു മതവും കാണാൻ ശ്രമിക്കരുത്. സ്ത്രീകളുടെ അവകാശങ്ങളേപ്പറ്റി ഇന്നലെ പറഞ്ഞ അതേകാര്യങ്ങൾ എന്നും പറയാമെന്ന് മതം ശാഠ്യംപിടിച്ചാൽ ചിലപ്പോൾ ആ മതങ്ങൾക്കപ്പുറത്തേക്ക് സ്ത്രീകൾ വളരും. അതുകൊണ്ട് മതങ്ങൾക്കുള്ളിൽ വളർന്നുവരുന്ന ജനാധിപത്യപരമായ നവീന ആശയങ്ങളെ അതുപോലെ കാണാനും ഉൾക്കൊള്ളാനും മതങ്ങൾ പഠിക്കണം. അല്ലെങ്കിൽ എല്ലാ മതങ്ങൾക്കുള്ളിലും മതഭ്രാന്തന്മാർ ശക്തിപ്പെടും. ആ മതഭ്രാന്ത് ജനങ്ങളെ തന്നെ ചിലപ്പോൾ അപകടത്തിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.