സാധാരണഗതിയില്‍ പനി, ചുമ, തൊണ്ടവേദന തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങളും ഇതിനോടൊപ്പം രുചിയും ഗന്ധവും നഷ്ടമാകുന്ന അവസ്ഥ, ശരീരവേദന, ക്ഷീണം, ശ്വാസതടസം, തലവേദന, വയറുവേദന, ചെങ്കണ്ണിന് സമാനമായ അവസ്ഥ, വയറിളക്കം തുടങ്ങിയ ചില ലക്ഷണങ്ങളുമെല്ലാമാണ് കൊവിഡിനെ സൂചിപ്പിക്കുന്ന പ്രശ്നങ്ങളായി കണക്കാക്കപ്പെടുന്നത്.
എന്നാല്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കും വിധേയമാക്കപ്പെട്ട വൈറസുകള്‍ വ്യാപകമാകുമ്പോള്‍ ലക്ഷണങ്ങളുടെ കാര്യത്തിലും മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ മറ്റ് ചില ആരോഗ്യപ്രശ്നങ്ങള്‍ കൂടി നിലവിലെ സാഹചര്യത്തില്‍ സൂക്ഷ്മമായി കരുതേണ്ടതുണ്ടെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
നേരത്തേ സൂചിപ്പിച്ച ലക്ഷണങ്ങള്‍ക്ക് പുറമെ കടുത്ത ശ്വാസതടസം, നെഞ്ചുവേദന, മൂക്കില്‍ നിന്നും തൊണ്ടയില്‍ നിന്നും രക്തസ്രാവം, നഖങ്ങളില്‍ നീലനിറം എന്നിവയെല്ലാം കാണുന്നുവെങ്കില്‍ അത് കൊവിഡ് 19 ആകാനുള്ള സാധ്യതകളേറെയാണ്. ജനിതകമാറ്റം സംഭവവിച്ച വൈറസുകളാണെങ്കില്‍ സാരമായ രീതിയില്‍ ശ്വാസകോശത്തെ ബാധിച്ചേക്കുമെന്നും അതുവഴി രോഗിയുടെ ശരീരത്തിലെ ഓക്സിജന്‍ നില നല്ലരീതിയില്‍ കുറയാമെന്നും വിദഗ്ധര്‍ പറയുന്നു. ഇക്കാരണം കൊണ്ട് തന്നെയാണ് നിലവില്‍ കൊവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ കൂടുതലായി ആവശ്യം വരുന്നതെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

