മലപ്പുറം: മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കുടുംബം. കോവിഡ് ബാധിതനായ സിദ്ധീഖ് കാപ്പന്റെ നില ഗുരുതരമാണെന്നും മതിയായ ചികിത്സയോ ഭക്ഷണമോ ലഭിക്കുന്നില്ലെന്നും ഭാര്യ റൈഹാന പറഞ്ഞു. നിലത്ത് വീണു താടി പൊട്ടിയ അവസ്ഥയിലാണ്. താടിക്ക് പരിക്കുള്ളത് കൊണ്ട് ഒന്നും കഴിക്കാനും കഴിയുന്നില്ല. ശൗചാലയത്തില്‍ പോകാന്‍ പോലും അനുവദിക്കാതെ കട്ടിലില്‍ കെട്ടിയിട്ടിരിക്കുകയാണെന്നും റൈഹാനത്ത് പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തിരമായി പ്രശ്‌നത്തില്‍ ഇടപെടണം. ഒരു മലയാളി എന്ന പരിഗണന എങ്കിലും സിദ്ദീഖ് കാപ്പന് നല്‍കണം.
കാപ്പന് മികച്ച ചികിത്സ ആവശ്യപ്പെട്ട് അഭിഭാഷകന്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി അനുകൂല സമീപനം സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. അതേസമയം സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്ക് കുടുംബം കത്തയച്ചു. ഹത്രാസ് പീഡനം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയാണ് ഒക്ടോബര്‍ അഞ്ചിന് സിദ്ദിഖ് കാപ്പന് ഉത്തര്‍പ്രദേശ് പൊലീസ് യു.എ.പി.എ വകുപ്പുകള്‍ പ്രകാരംഅറസ്റ്റ് ചെയ്തത്.

