സ്വര്‍ണക്കടത്ത് കേസ്;സ്വപ്ന സുരേഷിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എയര്‍ ഇന്ത്യാ ജീവനക്കാരനായ സിബു എൽ.എസ്സിനെതിരെ വ്യാജ പരാതികള്‍ ചമച്ചുവെന്നാണ് കേസ്. എയർ ഇന്ത്യാ സാറ്റ്സിൽ എച്ച്.ആർ മാനേജർ ആയിരിക്കെയാണ് സ്വപ്ന, സിബുവിനെതിരെ വ്യാജപരാതികൾ ചമച്ചത്.

സ്വപ്നയെ ക്രൈംബ്രാഞ്ച് പത്ത് ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ ജെ.എഫ്.എം.സി കോടതിയില്‍ അപേക്ഷ നല്‍കിയതു പ്രകാരം കസ്റ്റഡിയിൽ വിട്ടു. ഇന്ന് ഓൺലൈൻ വഴിയാണ് സ്വപ്നയെ കോടതിയിൽ ഹാജരാക്കിയത്. കസ്റ്റംസ് കസ്റ്റഡിയിൽ കഴിയുന്ന സ്വപ്നയെ കഴിഞ്ഞ ദിവസമാണ് ക്രൈം ബ്രാഞ്ച് ഈ കേസിൽ ജയിലിലെത്തി അറസ്റ്റ് ചെയ്തത്. കേസിൽ എയർ ഇന്ത്യാ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബും പ്രതിയാണ്.