ന്യൂഡൽഹി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഒന്നാമതെത്തി ഇന്ത്യ. പുതുക്കിയ റാങ്കിങ് പട്ടികയിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ആദ്യം ന്യൂസീലാൻഡ് ആയിരുന്നു പട്ടികയിൽ ഒന്നാമതുണ്ടായിരുന്നത്. ഞായറാഴ്ച വെല്ലിങ്ടൺ ടെസ്റ്റിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതോടെ ന്യൂസിലാൻഡിന് തിരിച്ചടി നേരിട്ടു. ഇതോടെ ഇന്ത്യ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്തി.
ഇന്ത്യയുടെ പോയിന്റ് ശരാശരി 64.58 ആണ്. 60.00 പോയിന്റ് ശരാശരിയോടെ ന്യൂസീലൻഡ് രണ്ടാമതുണ്ട്. മൂന്നാംസ്ഥാനത്ത് ഓസ്ട്രേലിയയാണ്. 59.09 ആണ് ഓസ്‌ട്രേലിയയുടെ പോയിന്റ് ശരാശരി. ബംഗ്ലാദേശാണ് നാലാംസ്ഥാനത്ത്. പാകിസ്താൻ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയിൽ പിന്നീടുള്ള സ്ഥാനങ്ങൾ നേടിയിരിക്കുന്നത്.
ഇന്ത്യക്ക് ശക്തി പകർന്നത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേട്ടമാണ്. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ നാല് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 3-1ന് ഇന്ത്യ പരമ്പര നേടി. മാർച്ച് ഏഴു മുതൽ ധർമശാലയിൽ നടക്കുന്ന അവസാന ടെസ്റ്റ് കൂടി ജയിച്ച് റാങ്കിങ്ങിലെ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

