അപരിചിതരായ സ്ത്രീകളെ ഡാർലിങ് എന്ന് വിളിക്കുന്നത് ക്രിമിനൽ കുറ്റം; കോടതി

കൊൽക്കത്ത: അപരിചിതരായ സ്ത്രീകളെ ‘ഡാർലിങ്’ എന്ന് അഭിസംബോധന ചെയ്യുന്നത് ക്രിമിനൽ കുറ്റങ്ങളുടെ പരിധിയിൽ വരുമെന്ന് കോടതി. കൊൽക്കത്ത ഹൈക്കോടതിയാണ് ഇക്കാര്യം അറിയിച്ചത്. പരിചയമില്ലാത്ത സ്ത്രീകളെ ‘ഡാർലിങ്’ എന്ന് വിളിക്കുന്നത് ലൈംഗികചുവയുള്ള പരാമർശമാണെന്നും ഇന്ത്യൻ ശിക്ഷാനിയമം 354 എ, 509 വകുപ്പുകൾ പ്രകാരം സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റകൃത്യമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ജയ് സെൻഗുപ്ത അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. ഒരു പോലീസ് ഉദ്യോഗസ്ഥ നൽകിയ പരാതിയിൽ വാദം കേൾക്കെയായിരുന്നു കോടതി.

മദ്യാസക്തിയിലായിരുന്ന ജനക് റാമെന്ന വ്യക്തി ഡ്യൂട്ടിക്കിടെ തന്നെ ‘ഡാർലിങ്’ എന്നു വിളിച്ചുവെന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥയുടെ പരാതി. ജനക് റാം കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ഇയാൾക്ക് 3 മാസം തടവും 500 രൂപ പിഴയും ശിക്ഷയായി വിധിക്കുകയും ചെയ്തു. ഒരു സ്ത്രീയെ, അവർ പോലീസ് ഉദ്യോഗസ്ഥയോ മറ്റാരെങ്കിലുമോ ആവട്ടെ, മദ്യാസക്തിയിലോ അല്ലാതെയോ അപരിചിതനായ ഒരു പുരുഷൻ ലൈംഗിക ഉദ്ദേശ്യത്തോടെ ‘ഡാർലിങ്’ എന്ന് അഭിസംബോധന ചെയ്യുന്നത് സ്ത്രീത്വത്തെ അപമാനിക്കലാണെന്ന് കോടതി അറിയിച്ചു.

നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ഒരു അപരിചിതന് തീർത്തും അപരിചിതയായ ഒരു സ്ത്രീയെ അത്തരത്തിലുള്ള പദപ്രയോഗങ്ങളിലൂടെ അഭിസംബോധന ചെയ്യാൻ അനുവാദമില്ലെന്നും കോടതി കൂട്ടിച്ചേർത്തു.