ന്യൂഡൽഹി: ലോക്‌സഭ തെരഞ്ഞെടുപ്പിൽ വലിയ വിജയം ലക്ഷ്യമിട്ട് ഇന്ത്യ സഖ്യം ആദ്യ സംയുക്ത റാലി നടത്തി. ബിഹാറിലെ പാറ്റ്‌നയിലാണ് ഇന്ത്യ സഖ്യം റാലി നടത്തിയത്. രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, തേജസ്വി യാദവ്, അഖിലേഷ് യാദവ്, സീതാറാം യെച്ചൂരി, ലാലു പ്രസാദ് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ റാലിയിൽ പങ്കെടുത്തിരുന്നു.
ഉത്തർപ്രദേശിൽ 80 സീറ്റുകളും ബിഹാറിൽ 40 സീറ്റുകളും നേടിയാൽ രാജ്യത്തെ രക്ഷിക്കാൻ കഴിയുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കി. ബിഹാറിൽ നിന്ന് തുടങ്ങുന്ന ഈ കൊടുംങ്കാറ്റ് രാജ്യം മുഴുവൻ വീശിയടിക്കട്ടെയെന്നാണ് രാഹുൽ ഗാന്ധി അറിയിച്ചത്. ഇത് വെറുപ്പിന്റെ രാജ്യമായിരുന്നില്ല. ഇവിടെ എങ്ങനെ വെറുപ്പ് ഉണ്ടായി. ഇന്ത്യയിലെ കർഷകരോടും, വ്യാപാരികളോടും സർക്കാർ ചെയ്യുന്നതെന്താണെന്ന് അദ്ദേഹം ചോദിക്കുന്നു. 40 വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് ഇന്ന് രാജ്യം നേരിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദി പ്രവർത്തിക്കുന്നത് മുതലാളിമാർക്ക് വേണ്ടിയാണ്്. സമസ്ത മേഖലകളെയും മോദി തകർത്തു. ഈ രാജ്യത്ത് സംവരണം എങ്ങനെയാണ്. രാജ്യത്തിന്റെ വികസനത്തിന് ജാതി സെൻസസ് അനിവാര്യമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. അഗ്നിവീർ സംവിധാനം യുവാക്കളെ ചതിക്കുകയാണ്. അഗ്നിവീർ വീരമൃത്യം വരിച്ചാൽ ഒരു ആനുകൂല്യവും കിട്ടില്ല. ആർഎസ്എസിനെയും, ബിജെപിയെയും ഭയമില്ല. ധീരമായി പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

