ന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ മനീഷ് സിസോദിയയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡൽഹി മദ്യനയക്കേസിൽ കുറ്റാരോപിതരായവരുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. എല്ലാ പ്രതികളുടേതും ഉൾപ്പെടെ 52 കോടിയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി.സിസോദിയയുടേയും ഭാര്യ സീമയുടേയും പേരിലുള്ള സ്ഥലങ്ങളും ഇരുവരുടേയും ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന പതിനൊന്നു ലക്ഷം രൂപയും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു.
അമൻദീപ് സിങ് ധാൾ, രാജേഷ് ജോഷി, ഗൗതം മൽഹോത്ര തുടങ്ങിയവരുടെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. അതേസമയം, മദ്യനയ കേസുമായി ബന്ധപ്പെട്ട് ഡൽഹി വ്യവസായിയായ ദിനേഷ് അറോറയെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 26-നാണ് മനീഷ് സിസോദിയയെ ഇഡി അറസ്റ്റ് ചെയ്തത്. മദ്യവിൽപ്പന പൂർണമായി സ്വകാര്യവത്കരിക്കുന്ന ഡൽഹി എക്‌സൈസ് നയവുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്.
മദ്യനയം രൂപവത്കരിച്ചതിലും നടപ്പാക്കിയതിലും ക്രമക്കേടുകളുണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് ലഫ്റ്റന്റ് ഗവർണർ വി കെ സക്സേന സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. സിസോദിയ ഉൾപ്പെടെ 15 പേരാണ് കേസിലുൾപ്പെട്ടിരിക്കുന്നത്.

