തിരുവനന്തപുരം: സിപിഎമ്മിനെതിരെ പരിഹാസവുമായി നടൻ ഹരീഷ് പേരടി. ഏകീകൃത സിവിൽ കോഡിനെതിരെ പ്രതിഷേധിക്കാൻ സമസ്തയെ ക്ഷണിച്ച സിപിഎമ്മിനെതിരെയാണ് അദ്ദേഹം പരിഹാസവുമായി രംഗത്തെത്തിയത്. ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം പ്രക്ഷോഭം നടത്തുമെന്നും സമസ്തയെ ക്ഷണിക്കുമെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹരീഷ് പേരടിയുടെ പ്രതികരണം.
എകെജി സെന്റർ പാണക്കാട്ടേക്ക് മാറ്റാൻ തീരുമാനിച്ച സ്ഥിതിക്ക് തലസ്ഥാനം എവിടെയാണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളിക്ക് മനസ്സിലാകുമെന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നിലനിൽപ്പിന്റെ കഷ്ടപ്പാടാണിതെന്നും അഭിവാദ്യങ്ങൾ നേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഏക സിവിൽ കോഡിനെതിരെ സിപിഎം പ്രക്ഷോഭത്തിലേക്കെന്നും സമസ്തയെ ക്ഷണിക്കുമെന്നും മുസ്ലിം ലീഗിനും സഹകരിക്കാമെന്നുമുള്ള എം വി ഗോവിന്ദന്റെ പ്രസ്താവനയുടെ വാർത്തയും ഹരീഷ് പേരടി പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, ഏക സിവിൽ കോഡിനെതിരായ പോരാട്ടം രാഷ്ട്രീയത്തിന് അപ്പുറം നിലനിൽപ്പിനായുള്ള പോരാട്ടമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞിരുന്നു. ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കമാണ് ഏകീകൃത സിവിൽ കോഡ്. ഇതിനെ ശക്തമായി എതിർക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

