ന്യൂഡൽഹി: മണിപ്പുർ കലാപത്തിൽ ഇടപെടലുമായി സുപ്രീം കോടതി. കലാപവുമായി ബന്ധപ്പെട്ട പുതിയ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കലാപത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കുക്കി വിഭാഗം നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
കലാപം നേരിടുന്നതിന് സ്വീകരിച്ച നടപടികൾ ഉൾപ്പെടെ റിപ്പോർട്ടിൽ വിശദീകരിക്കണമെന്നാണ് നിർദ്ദേശം. വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം, റിലീഫ് ക്യാമ്പുകളിലെ സൗകര്യങ്ങൾ എന്നിവയെ കുറിച്ചും റിപ്പോർട്ടിൽ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. തങ്ങൾ അക്രമത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും മെയ്തി വിഭാഗത്തിൽപെട്ടവരാണ് കലാപത്തിന് പിന്നിലെന്നുമാണ് കുക്കി വിഭാഗം കോടതിയിൽ അറിയിച്ചത്. സീനിയർ അഭിഭാഷകൻ കോളിൻ ഗൊൺസാൽവസ് ആണ് കുക്കി വിഭാഗത്തിന് വേണ്ടി ഹാജരായത്.
മണിപ്പുരിൽ എത്ര കലാപകാരികൾ ഉണ്ടെന്ന് എണ്ണം ശേഖരിക്കാൻ സോളിസിറ്റർ ജനറലിനോട് നിർദ്ദേശിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. എന്നാൽ കലാപകാരികളുടെ തലയെണ്ണി എണ്ണം തിട്ടപ്പെടുത്താൻ കഴിയില്ലെന്നാണ് സോളിസിറ്റർ ജനറൽ സുപ്രീംകോടതിയിൽ അറിയിച്ചത്. അതേസമയം, സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെട്ടു വരുന്നതായി മണിപ്പുർ സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കുക്കി വിഭാഗം നൽകിയ ഹർജി കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.

