തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിനെ പിന്തുണച്ച് നടി രേവതി. അയോധ്യയിലെ രാമ ക്ഷേത്രത്തിൽ നടന്ന പ്രാണ പ്രതിഷ്ഠ ചടങ്ങിലൂടെ താനൊരു വിശ്വാസിയാണെന്ന് അടിവരയിടുന്ന മനോവികാരമാണ് ഉണ്ടാകുന്നതെന്ന് രേവതി വ്യക്തമാക്കി. സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. അയോധ്യയിൽ പ്രതിഷ്ഠിച്ച രാമന്റെ ചിത്രവും രേവതി ഷെയർ ചെയ്തിട്ടുണ്ട്. ജയ് ശ്രീറാം എന്ന് ഉറക്കെ വിളിച്ചു പറയേണ്ട സമയമാണിതെന്നും രേവതി വ്യക്തമാക്കി.
ബാലനായ രാമന്റെ മുഖം കണ്ടപ്പോൾ തന്റെ ഉള്ളിൽ എന്തോ ഇളകി മറിഞ്ഞു. ഹിന്ദുവായി ജനിച്ചവർ സ്വന്തം വിശ്വാസം മുറുകെ പിടിക്കുന്നതിനൊപ്പം മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നുണ്ട്. ശ്രീരാമന്റെ ഗൃഹപ്രവേശം കാര്യങ്ങളെല്ലാം മാറ്റിമറിച്ചു. ഒരുപാട് സന്തോഷമുണ്ടെന്നും രേവതി അറിയിച്ചു.
മതേതര ഇന്ത്യയായ നമ്മുടെ രാജ്യത്ത് മതവിശ്വാസങ്ങളെ വ്യക്തിപരമായി സൂക്ഷിക്കാൻ കഴിയുന്നു എന്നതിൽ അത്ഭുതമില്ല. എല്ലാവരും ഇങ്ങനെ തന്നെ വേണം പ്രവർത്തിക്കാൻ എന്നും രേവതി കൂട്ടിച്ചേർത്തു.

