അയോധ്യ രാമക്ഷേത്രത്തിൽ പോകും:  പോകുന്നത് രാഷ്ട്രീയത്തിനല്ലെന്നും പ്രാർത്ഥിക്കാൻ ആണെന്നും ശശി തരൂർ

തിരുവനന്തപുരം : അയോധ്യ രാമക്ഷേത്രത്തിൽ പോകുമെന്ന് കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂർ. എന്നാൽ ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാൻ ആണെന്നും രാഷ്ട്രീയത്തിനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 അതേസമയം, രാമക്ഷേത്ര പ്രാണ പ്രതിഷ്ഠ ചടങ്ങിനെ പിന്തുണച്ചു എന്ന് ആരോപിച്ച് തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ ശശി തരൂരിനെതിരെ പ്രതിഷേധിച്ചു. എന്നാൽ തന്റെ ട്വീറ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്നാണ് ശശി തരൂർ പ്രതികരിച്ചത്. ജയ് ശ്രീറാം എന്നത് രാഷ്ട്രീയ മുദ്രാവാക്യമായതിനാൽ ബോധപൂർവ്വമാണ് ഉപയോഗിച്ചത്. സിയാറം എന്ന് എഴുതിയത് മനപ്പൂർവമാണ്. കോൺഗ്രസുകാരനായ താൻ എന്തിനു ശ്രീരാമനെ ബിജെപിക്ക് വിട്ടുകൊടുക്കണം. ബിജെപിയുടെ ആഗ്രഹം അതായിരിക്കും എന്നും എന്നാൽ താൻ അതിന് തയ്യാറാല്ലെന്നും തരൂർ ചുണ്ടിക്കാട്ടി.

 നബിയെ ആരെങ്കിലും തീവ്രവാദികൾക്ക് വിട്ട് കൊടുക്കുമോ. എല്ലാ വിശ്വാസികൾക്കും വിശ്വസിക്കാൻ അവകാശമുണ്ട്. സ്വന്തം രീതിയിൽ വിശ്വാസത്തെ മുന്നോട്ടു കൊണ്ടുപോകാൻ കഴിയണം. രാമനെ പ്രാർത്ഥിക്കുന്ന ഹിന്ദുക്കളെല്ലാം ബിജെപി അല്ല. ഒരു വരി ട്വീറ്റിന്റെ  പേരിൽ താൻ സെക്യുലർ അല്ല എന്നാണ് എസ്എഫ്ഐ പറയുന്നത് എന്നും ശശി തരൂർ കൂട്ടിച്ചേർത്തു.