ഡൽഹിയിൽ വായുമലീനീകരണത്തെ തുടർന്ന് ഡീസൽ ബസുകൾക്കും നിർമാണ പ്രവർത്തനങ്ങൾക്കും നിരോധനം.ഇന്ത്യയിൽ ഏറ്റവുമധികം വായുമലിനീകരണം ഉള്ള സ്ഥലമാണ് ഡൽഹി. വായുവിന്റെ ഗുണനിലവാരം മോശമായ സാഹചര്യത്തിൽ ഹരിയാനയിൽ നിന്നുള്ള ഡീസൽ ബസുകളുടെ പ്രവേശനം നിരോധിച്ചിരിക്കുകയാണ് ഡൽഹി സർക്കാർ. 15 ദിവസത്തേയ്ക്കാണ് നിരോധനം.
സിഎൻജി ബസുകളുടെ എണ്ണം വർധിപ്പിക്കാനും ഡീസൽ ബസുകൾ കുറയ്ക്കാനുമുള്ള നടപടികൾ സർക്കാർ നടപ്പാക്കിയതായി ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ബുധനാഴ്ച പറഞ്ഞു.ചൊവ്വാഴ്ച (ഒക്ടോബർ 31) 359, തിങ്കളാഴ്ച (ഒക്ടോബർ 30) 347, ഞായറാഴ്ച (ഒക്ടോബർ 29) 325, ശനിയാഴ്ച (ഒക്ടോബർ 28) 304, വെള്ളിയാഴ്ച (ഒക്ടോബർ 27) 261 എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക.
നെഹ്‌റു നഗറിൽ (402), സോണിയ വിഹാർ (412), രോഹിണി (403), വസീർപൂർ (422), ബവാന (403), മുണ്ട്ക (407), ആനന്ദ് വിഹാർ (422), ന്യൂ മോത്തി ബാഗ് (435) തുടങ്ങിയ പ്രദേശങ്ങൾ രൂക്ഷമായ വായു മലിനീകരണമാണ് നേരിടുന്നത്. ഈ സൂചികയിൽ പൂജ്യത്തിനും 50 നും ഇടയിലുള്ള AQI ആണ് ഏറ്റവും മികച്ചത്. 51 ഉം 100 ഉം ഇടയിലുള്ളത് തൃപ്‌തികരം, 101 ഉം 200 ഉം ഇടയിൽ മിതമായത്, 201 ഉം 300 ഉം ഇടയിൽ മോശമായ അന്തരീക്ഷം, 301 ഉം 400 ഉം ഇടയിലുള്ളത് വളരെ മോശം, 401 ഉം 500 ഉം ഇടയിലുള്ളത് അതിരൂക്ഷമായ വായുമലിനീകരണം എന്നിങ്ങനെയാണ് സൂചിക സൂചിപ്പിക്കുന്നത്.

