തിരുവനന്തപുരം: ഭാവിയിൽ കേരളത്തെ ബ്രാൻഡ് ചെയ്യുന്ന ഒന്നാണ് കേരളീയമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിനു വേണ്ടിയുള്ള വലിയ നിക്ഷേപമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേരളീയം ധൂർത്തല്ല. കേരളീയത്തിന്റെ കണക്കുകൾ പുറത്തുവരും. പോസിറ്റീവായി കാര്യങ്ങളിൽ ഇടപെടുകയും വിമർശിക്കുകയുമാണ് ചെയ്യേണ്ടത്, സർക്കാർ ഗ്യാരണ്ടികളെ കുറിച്ച് ആർക്കും ആശങ്കയില്ല. പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണ്. ക്ഷേമപെൻഷൻ വൈകില്ല ഉടൻ നൽകും. കേന്ദ്രം സംസ്ഥാനത്തിന് തരാനുള്ള വിഹിതം കേന്ദ്ര സർക്കാർ കേരളത്തിന് നൽകുന്നില്ല. ഇത് കേരളത്തിനോട് മാത്രമുള്ള അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ വാണിജ്യ ടൂറിസം മേഖലകൾക്കു സഹായകമാകുന്ന വലിയ പദ്ധതിയാണ് ഗവൺമെന്റ് ലക്ഷ്യമിടുന്നത്. കേരളത്തിലേക്ക് നവംബർ ഒന്നു മുതൽ ഏഴു വരെ വരിക എന്നത് വളരെ വലിയ വാണിജ്യ സാധ്യതയാണ് തുറക്കുന്നത്. സാംസ്‌കാരികവും കലാപരവുമായ ഉന്നമനവും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

