സംസ്ഥാനത്തെ റേഷൻ വിതരണം പരിഷ്കരിച്ച് സർക്കാർ. രണ്ട് ഘട്ടമായിട്ടായിരിക്കും ഇനി റേഷൻ വിതരണം നടക്കുക. മുൻഗണനവിഭാഗം കാർഡുടമകൾക്ക് (മഞ്ഞ, പിങ്ക്) എല്ലാ മാസവും 15-നു മുൻപും പൊതുവിഭാഗത്തിന് (നീല, വെള്ള) 15-നുശേഷവുമായിരിക്കും വിതരണം.ഇ-പോസ് യന്ത്രത്തിനുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാനും മാസാവസാനമുള്ള തിരക്കു കുറയ്ക്കാനുമെന്ന ലക്ഷ്യത്തെ മുൻനിർത്തി കൊണ്ടാണ് നടപടി.
നിലവിൽ എല്ലാകാർഡ് ഉടമകൾക്കും മാസത്തിൽ ഏത് ദിവസം വേണമെങ്കിലും റേഷൻ വാങ്ങാൻ കഴിയുമായിരുന്നു എന്നിരിക്കെയുള്ള സാഹചര്യത്തിലാണ് പുതിയ നടപടി സർക്കാർ നിലവിൽ കൊണ്ട് വന്നത്. എന്നാൽ, പുതിയ രീതി നടപ്പാകുന്നതോടെ റേഷൻ നഷ്ടമാകാനുള്ള സാധ്യതയേറെയാണെന്നാണു റേഷൻവ്യാപാരികൾ പറയുന്നത്.
15-നു മുൻപ് റേഷൻവാങ്ങാൻ കഴിയാത്ത മുൻഗണനവിഭാഗത്തിന് പിന്നീട് നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതാണു കാരണം. 15-നുശേഷം നൽകില്ലെന്ന നിലപാടിൽ ഭക്ഷ്യവകുപ്പ് ഉറച്ചുനിന്നാൽ ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ ലംഘനമാകുമത്. എൻ പി ഐ കാർഡുകളുടെ റേഷൻ വിതരണം വ്യക്തമാക്കാത്തതുംആശയകുഴപ്പത്തിനിടയാക്കിയിട്ടുണ്ട്.
റേഷൻവിതരണം രണ്ടുഘട്ടമായി നടപ്പാക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പൊതുവിതരണ ഉപഭോകൃതകാര്യ കമ്മിഷണർ ശുപാർശ നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്. ഇ- പോസ് മെഷീൻ തകരാറാകുന്നത് ഒഴുവാക്കാനായി നേരത്തെ മറ്റു രീതികൾ സ്വീകരിച്ചുവെങ്കിലും അത് പരാജയപ്പെടുകയാണ് ചെയ്തത്.

