രാജ്യത്തിൻറെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് അതിവേഗ ട്രെയിനായ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം ട്രെയിൻ പാളത്തിലൂടെ ഓടിത്തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദഘാടനം ചെയ്തു. ശനിയാഴ്ച മുതൽ സാധാരണക്കാർക്ക് ഇതിൽ യാത്ര ചെയ്യാം. രാജ്യത്തെ ആദ്യ മിനി ബുള്ളെറ്റ് ട്രെയിൻ ഇനി നമോ ഭാരത് എന്നാണ് അറിയപ്പെടുക. ദില്ലി-മീറട്ടിന് ഇടയിലുള്ള റൂട്ടിൽ നിലവിൽ 17 കിലോമീറ്റർ മാത്രമേ ട്രെയിൻ ഓടുകയുള്ളൂ. സാഹിബാബാദിനും ദുഹായ്ക്കും ഇടയിൽ അഞ്ച് സ്റ്റേഷനുകള്‍ ഉണ്ടാകും. ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറിൽ 180 കിലോമീറ്റർ വരെയാണ്. നിലവിൽ ഇത് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ആയിരിക്കും ഓടുക. ട്രെയിനിന്റെ ശരാശരി വേഗത മണിക്കൂറിൽ 100 കിലോമീറ്ററായിരിക്കും.
ഇന്ത്യയിൽ നിലവിൽ ഏറ്റവും വേഗതയിൽ ഓടുന്ന ട്രയിനാണ് നമോ ഭാരത്. നിലവിൽ മണിക്കൂറിൽ 130 കിലോമീറ്ററാണ് വന്ദേ ഭാരത് സ്പീഡിന്റെ പരമാവധി വേഗത. എന്നിരുന്നാലും, മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ ഓടാവുന്ന തരത്തിലാണ് വന്ദേ ഭാരതും രൂപകൽപ്പന ചെയ്‍തിരിക്കുന്നത്. സാഹിബാദ, ഗാസിയാബാദ്, ഗുൽധാർ, ദുഹായ്, ദുഹായ് ഡിപ്പോ എന്നീ സ്റ്റേഷനുകളിലൂടെയായിരിക്കും സഞ്ചാരം. ഡൽഹി മുതൽ മീററ്റ് വരെ ആകെ 25 സ്റ്റേഷനുകൾ ഉണ്ടാകും, അതിൽ നാലെണ്ണം ഭൂഗർഭ സ്റ്റേഷനുകളാണ്. വേഗത കൂടിയതിന് അനുസരിച്ചു ട്രെയിൻ യാത്രയുടെ നിരക്കും കുറഞ്ഞു. രാജ്യത്തെ ഏറ്റവും വേഗത നിറഞ്ഞതും ഹൈടെക്കുമായ ട്രെയിനിലെ നിരക്ക് വളരെ കുറവാണ്.
രണ്ട് തരം കോച്ചുകളാണ് ട്രെയിനിൽ സ്ഥാപിച്ചിരിക്കുന്നത്. രണ്ട് ക്ലാസുകൾക്കും നിരക്കും വ്യത്യസ്തമാണ്. സ്റ്റാൻഡേർഡ് കോച്ചിലെ നിരക്ക് 20 രൂപ മുതൽ പരമാവധി 50 രൂപ വരെയാണ്. അതേസമയം, പ്രീമിയം ക്ലാസിൽ കുറഞ്ഞ നിരക്ക് 40 രൂപയും കൂടിയ നിരക്ക് 100 രൂപയുമാണ്. ഡൽഹിയിൽ നിന്ന് മീററ്റിലേക്കുള്ള ബാക്കി സഞ്ചാരപാത 2025 ഓടെ ഓടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പൂർത്തിയാകുന്നതോടെ സാധാരണ സമയ അളവിലായ 2-3 മണിക്കൂറിന് പകരം 55 മിനിറ്റുനികം എത്താൻ സാധിക്കും. വികസന കാഴ്ചയിൽ നമ്മുടെ രാജ്യം മുന്നോട്ട് കുതിക്കുമ്പോൾ നമോ ഭാരത് പോലുള്ള മറ്റ് വികസന പദ്ധതികളും രാജ്യത്തിലുണ്ടാകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

