നികുതിക്കുടിശ്ശിക; കോടതിയുടെ തീരുമാനം അനുകൂലമായിട്ടും ബാറുടമകളെ സമ്മർദത്തിലാക്കാതെ സർക്കാർ

തിരുവനന്തപുരം: നികുതിക്കുടിശ്ശിക വരുത്തിയ ബാറുകൾക്ക് മദ്യം നൽകേണ്ടതില്ലെന്ന തീരുമാനം ഹൈക്കോടതി ശരിവെച്ചെങ്കിലും ബാറുടമകളെ സമ്മർദത്തിലാക്കാതെ പിൻവാങ്ങി സംസ്ഥാന സർക്കാർ. നികുതിപിരിച്ചെടുക്കാൻ സമ്മർദംചെലുത്താൻ സർക്കാരിന് അവകാശമുണ്ടെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. നികുതിവെട്ടിച്ചുള്ള മദ്യക്കച്ചവടത്തിന് സാധ്യതയുണ്ടെന്ന ബിവറേജസ് കോർപ്പറേഷൻ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാർ ഇതിൽ നിന്നും പിന്മാറിയത്.

1.86 കോടി രൂപ നികുതിക്കുടിശ്ശിക വരുത്തിയ കണ്ണൂരിലെ ഹോട്ടൽ നൽകിയ കേസിൽ, കഴിഞ്ഞ 12-നാണ് സർക്കാർ തീരുമാനം കോടതി ശരിവെച്ചത്. 200 കോടി രൂപയിലേറെ കുടിശ്ശികവരുത്തിയ മറ്റുബാറുകൾക്കുമെതിരേ ഇതേ മാർഗം സ്വീകരിക്കാമായിരുന്നെങ്കിലും സർക്കാർ പിൻവാങ്ങുകയായിരുന്നു. ബിവറേജസ് കോർപ്പറേഷൻ, കൺസ്യൂമർഫെഡ് എന്നിവയ്ക്ക് ചില്ലറവിൽപ്പനകേന്ദ്രങ്ങളുള്ളതിനാൽ ബാറുകൾക്ക് മദ്യം നൽകാതിരിക്കുന്നത് വിപണിയെ ബാധിക്കില്ല. നിശ്ചിതസമയത്തിനുള്ളിൽ നികുതിയടച്ചില്ലെങ്കിൽ മദ്യവിതരണം നിർത്തിവെക്കുമെന്നായിരുന്നു ബാറുകളുടെ നികുതിക്കുടിശ്ശിക നിയമസഭയിൽ ചർച്ചയായപ്പോഴും സർക്കാർ വ്യക്തമാക്കിയത്.

328 ബാറുകളായിരുന്നു 2022-’23-ൽ പ്രതിമാസ നികുതിറിട്ടേണുകൾ സമർപ്പിക്കാൻ ഉണ്ടായിരുന്നത്. 2023 മാർച്ചിനുശേഷമുള്ള നികുതിബാധ്യതകൂടി കണക്കിലെടുത്താൽ സർക്കാരിനുള്ള കുടിശ്ശിക 300 കോടി കടന്നേക്കും. എന്നിട്ടും സർക്കാർ ബാറുടമകളോട് മൃദുസമീപനം തുടരുകയാണ്.