നിതാരി കൊലപാതക പരമ്പര: കുറ്റക്കാരെന്ന് കണ്ട് അറസ്റ്റു ചെയ്തവരെ വിട്ടയച്ച് അലഹബാദ് ഹൈക്കോടതി

പ്രയാഗ്‌രാജ് : നോയിഡയിലെ കുപ്രസിദ്ധമായ നിതാരി പരമ്പര കൊലക്കേസിൽ സുരേന്ദ്ര കോലിയെയും മൊനീന്ദർ സിംഗ് പന്ദേറിനെയും തെളിവുകളുടെ അഭാവത്തിൽ അലഹബാദ് ഹൈക്കോടതി തിങ്കളാഴ്ച വെറുതെവിട്ടു. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇരുവർക്കും വധശിക്ഷ വിധിച്ചത്. ഗാസിയാബാദിലെ സിബിഐ കോടതി വിധിച്ച വധശിക്ഷ ചോദ്യം ചെയ്ത് കോലിയും പന്ദേറും സമർപ്പിച്ച അപ്പീലുകൾ ജസ്റ്റിസ് അശ്വനി കുമാർ മിശ്രയും ജസ്റ്റിസ് എസ്എച്ച്എ റിസ്‌വിയും അടങ്ങുന്ന രണ്ടംഗ ബെഞ്ച് അംഗീകരിച്ചു.

സംശയാതീതമായി കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വിധിയിൽ ഹൈക്കോടതി പറഞ്ഞു. 2007ൽ വ്യവസായിയായ പന്ദേറിനും വീട്ടുജോലിക്കാരനായ കോലിക്കുമെതിരെ 19 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തെളിവുകളുടെ അഭാവത്തിൽ 19 കേസുകളിൽ മൂന്നെണ്ണവും സിബിഐ അവസാനിപ്പിച്ചുകൊണ്ട് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2006 ഡിസംബർ 29 ന് നോയിഡയിലെ നിതാരിയിലെ പന്ദേറിന്റെ വീടിനു പിന്നിലെ അഴുക്കുചാലിൽ നിന്ന് എട്ട് കുട്ടികളുടെ അസ്ഥികൂടം കണ്ടെത്തിയതോടെയാണ് കൊലപാതകങ്ങൾ വെളിച്ചത്തുവന്നത്.

പന്ദേറിന്റെ വീടിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ കൂടുതൽ കുഴികളും അഴുക്കുചാലുകളും പരിശോധിച്ചപ്പോൾ കൂടുതൽ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി. ഈ അവശിഷ്ടങ്ങളിൽ ഭൂരിഭാഗവും പ്രദേശത്ത് നിന്ന് കാണാതായ പാവപ്പെട്ട കുട്ടികളുടെയും യുവതികളുടെയും അവശിഷ്ടങ്ങളായിരുന്നു. 10 ദിവസത്തിനകം സിബിഐ കേസ് ഏറ്റെടുക്കുകയും തിരച്ചിലിൽ കൂടുതൽ അസ്ഥികൾ കണ്ടെത്തുകയും ചെയ്തിരുന്നു. പന്ദേർ നിലവിൽ നോയിഡ ജയിലിലും കോലി ഗാസിയാബാദ് ജയിലിലുമാണ് .