ഗാസയിൽ ഉപരോധം നേരിടുന്നവരെ സഹായിക്കാൻ മാനുഷിക ഇടനാഴി തുറക്കണം; ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ഹമാസ് – ഇസ്രയേൽ യുദ്ധത്തിൽ പ്രതികരണവുമായി ഫ്രാൻസിസ് മാർപാപ്പ. ഗാസയിൽ ഉപരോധം നേരിടുന്നവരെ സഹായിക്കാൻ മാനുഷിക ഇടനാഴി തുറക്കണമെന്ന് മാർപ്പാപ്പ ആഹ്വാനം ചെയ്തു. സായുധ സംഘടനയായ ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളെ വിട്ടയക്കണമെന്നും അദ്ദേഹം അഭ്യർഥിക്കുകയും ചെയ്തു.

ഗാസയിൽ എല്ലാറ്റിനും മേലെ, മാനുഷികാവകാശങ്ങൾ മാനിക്കപ്പെടണം. അവിടത്തെ മുഴുവൻ ജനങ്ങളെയും സഹായിക്കാൻ ഒരു മാനുഷിക ഇടനാഴി ഉറപ്പാക്കുന്നത് അടിയന്തരവും അത്യാവശ്യവുമാണ്. കുട്ടികളും രോഗികളും പ്രായമായവരും സ്ത്രീകളും ഉൾപ്പെടെയുള്ള സാധാരണ പൗരന്മാർ ആരും സംഘർഷത്തിന്റെ ഇരകളാകരുതെന്നും അദ്ദേഹം അറിയിച്ചു.

യുദ്ധത്തിൽ ഇതിനകംതന്നെ നിരവധി പേർ മരിച്ചു. വിശുദ്ധ ഭൂമിയിലോ യുക്രൈനിലോ മറ്റെവിടെയെങ്കിലുമോ ഇനിയും നിരപരാധികളുടെ ചോര പൊടിയരുത്. യുദ്ധങ്ങൾ എപ്പോഴും പരാജയമാണ്. യുദ്ധം, വിദ്വേഷം, തീവ്രവാദം എന്നിവക്കെതിരേ പ്രാർത്ഥിക്കണമെന്ന് ലോകമെമ്പാടുമുള്ള വിശ്വാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.