കടൽ കൊള്ളയെന്ന വിമർശനം നെഞ്ചിൽ തറച്ചിട്ടും പതറിയില്ല; ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിന്റെ വേദിയിൽ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ‘കടൽക്കൊള്ള’യാണെന്ന ആക്ഷേപം വന്നപ്പോഴും അദാനി ഗ്രൂപ്പുമായി ചേർന്ന് 6000 കോടിയുടെ റിയൽ എസ്റ്റേറ്റ് കച്ചവടമാണെന്ന ആരോപണത്തിന്റെ കുന്തമുന നെഞ്ചിൽ തറച്ചപ്പോഴും പതറാതെ, പിന്തിരിഞ്ഞോടാതെ, തളർന്നു പോകാതെ വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കുമെന്ന ധീരമായ തീരുമാനം എടുത്തയാളാണ് ഉമ്മൻ ചാണ്ടിയെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടിയെ സ്മരിക്കാതെ തനിക്ക് ഈ വേദി വിട്ട് പോകാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

വികസനത്തിന്റെ പേരിൽ ഒരു പാവപ്പെട്ട മനുഷ്യന്റെയും കണ്ണുനീർ ഈ പുറംകടലിൽ വീഴരുത്. വികസനം എന്നത് അനിവാര്യതയാണ്. പക്ഷെ അതിന്റെ പേരിൽ സാധാരണക്കാർ ചേരികളിലേക്കും സിമെന്റ് ഗോഡൗണുകളിലേക്കും വലിച്ചെറിയപ്പെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വികസനം ജനങ്ങളുടെ ഒന്നാകെയുള്ള ജീവിതം മാറ്റും. പ്രദേശവാസികളെ ചേരികളിലേക്കും ഗോഡൗണുകളിലേക്കും തള്ളിവിടുന്നതാകരുത് വികസനം. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 472 കോടി രൂപയാണ് തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി മാറ്റിവച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുമ്പോൾ ഒരാളുടെ കണ്ണീർ പോലും വീഴരുത്. വികസനത്തിന്റെ ഇരകളായ എല്ലാ മനുഷ്യരെയും പുനരധിവാസിപ്പിക്കുന്നതും വികസനത്തിന്റെ ഭാഗമായി എടുത്തുകൊണ്ട് മുന്നോട് പോകണമെന്നും വി ഡി സതീശൻ പറഞ്ഞു.