ചണ്ഡീഗഢ് സായുധ സേന ട്രൈബ്യൂണലിൽ ജുഡീഷ്യൽ അംഗമായിരുന്ന ജസ്റ്റിസ് ധരം ചന്ദ് ചൗധരിയെ കൊൽക്കത്തയിലേക്ക് മാറ്റുന്നതുമായി സംബന്ധിച്ച പെറ്റീഷനിൽ ഇടപെടുന്നതിൽ സുപ്രീം കോടതി വിസമ്മതിച്ചു.ഇന്ത്യൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച്, ട്രൈബ്യൂണലിനെ പ്രതിരോധ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ നിന്ന് മാറ്റാനുള്ള പ്രാർത്ഥനയിൽ കേന്ദ്രത്തിന്റെ പ്രതികരണം തേടിയിട്ടുണ്ട്. ഈ വിഷയത്തിൽ ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് സർക്കാരിന് മറുപടി നൽകാൻ മൂന്നാഴ്ചത്തെ സമയവും നൽകി.
ചണ്ഡീഗഡിലെ എഎഫ്‌ടി ബാർ അസോസിയേഷന്റെ അപേക്ഷ കേൾക്കവേ ജസ്റ്റിസ് ചൗധരിയോട് തൽക്കാലം പുതിയ നിയമനത്തിൽ ചേരരുതെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 9 ന് സുപ്രീം കോടതി സ്ഥലം മാറ്റം സ്റ്റേ ചെയ്തിരുന്നു. എന്തുകൊണ്ടാണ് സ്ഥലംമാറ്റം നടപ്പാക്കിയതെന്ന് വിശദമാക്കി എഎഫ്ടി ചെയർപേഴ്സണിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. ജസ്റ്റിസ് (റിട്ടയേർഡ്) ധരം ചന്ദ് ചൗധരിയെ സ്ഥലം മാറ്റിയതിനെ തുടർന്ന്, എഎഫ്ടി ചണ്ഡിഗഡ് ബാർ അസോസിയേഷൻ സെപ്റ്റംബർ 26 ന് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചിരുന്നു.
എഎഫ്‌ടിയുടെ “ജുഡീഷ്യൽ പ്രവർത്തനത്തിന്റെ സ്വാതന്ത്ര്യത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്” ഈ സ്ഥലംമാറ്റം എന്ന് വിശേഷിപ്പിച്ചുകൊണ്ട് അസോസിയേഷൻ രണ്ട് തവണ ഇന്ത്യൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തെഴുതി. “പ്രതിരോധ മന്ത്രാലയത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങാൻ വിസമ്മതിച്ച”തിനാലാണ് ജസ്റ്റിസ് ചൗധരിയെ സ്ഥലം മാറ്റിയതെന്ന് ആരോപണം ഉയർന്നിരുന്നു.
കൊൽക്കത്ത ബെഞ്ചിൽ ജുഡീഷ്യൽ അംഗങ്ങളുടെ കുറവുള്ളതിനാൽ ചണ്ഡീഗഡ് ബെഞ്ചിൽ നിന്നുമുള്ള താൽക്കാലിക സ്ഥലംമാറ്റമാണെന്ന് ചെയർപേഴ്‌സൺ വിശദീകരിച്ചതായി റിപ്പോർട്ട് പരിശോധിച്ച് ചീഫ് ജസ്റ്റിസ് പറഞ്ഞു.ഏറ്റവും സീനിയർ ആയതിനാൽ ആണ് അദ്ദേഹത്തെ കൊൽക്കത്തയിലേക്ക് മാറ്റിയതെന്നും സ്ഥലം മാറ്റം തികച്ചും ചെയർപേഴ്‌സന്റെ അധികാര പരിധിയിൽ വരുന്നതാണെന്നുമാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. എഎഫ്‌ടി ചെയർപേഴ്‌സന്റെ “അഡ്മിനിസ്‌ട്രേറ്റീവ് വിവേചനാധികാരം വിനിയോഗിക്കുന്നതിൽ സംശയിക്കാൻ തക്കതായ ഒരു കാരണവുമില്ല”, “വ്യത്യസ്‌ത ബെഞ്ചുകളിലേക്ക് അംഗങ്ങളെ നിയമിക്കുന്നത് ചെയർപേഴ്‌സന്റെ ഭരണപരമായ നിയന്ത്രണത്തിലാണ്” എന്ന് ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു.

