മുംബൈ: അയോധ്യാ വിഷയത്തിൽ സുപ്രീം കോടതി വിധിപ്രകാരം നിർമ്മിക്കുന്ന മുസ്ലിം പള്ളിയുടെ പുതിയ രൂപകൽപ്പനയും പേരും അനാവരണം ചെയ്തു. മുഹമ്മദ് ബിൻ അബ്ദുള്ള എന്നാണ് പള്ളിയുടെ പേര്. 4500 ചതുരശ്ര മീറ്റർ വിസ്തൃതിയിലായിരിക്കും പള്ളി നിർമ്മിക്കുന്നത്. 9,000 വിശ്വാസികളെ ഉൾക്കൊള്ളാൻ ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ മസ്ജിദാകുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്.
കോടതി വിധി വന്നതിന് ശേഷം നാല് വർഷങ്ങൾ കഴിഞ്ഞാണ് പള്ളി നിർമ്മാണം തുടങ്ങുന്നത്. നേരത്തെ തീരുമാനിച്ച രൂപകൽപ്പനയ്ക്ക് വിവിധ കോണുകളിൽ നിന്ന് എതിർപ്പുയർന്നെന്നും അതുകൊണ്ടാണ് പുതിയ രൂപകൽപ്പന തയ്യാറാക്കിയതെന്ന് ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡ്ചെയർമാൻ സുഫർ അഹമ്മദ് ഫാറൂഖി അറിയിച്ചു.
വ്യാഴാഴ്ച മുംബൈയിലെ രംഗ് ശാരദ ഹാളിൽ നടന്ന പൊതുയോഗത്തിലാണ് രൂപകൽപനയും പേരും അനാവരണം ചെയ്തത്. ആർക്കിടെക്റ്റ് ഇമ്രാൻ ഷെയ്ഖാണ് പള്ളിയുടെ രൂപ കൽപ്പന ചെയ്തിരിക്കുന്നതെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

