മിസോറാം തെരഞ്ഞെടുപ്പ്; ബിജെപി പ്രചാരണത്തിന്റെ ചുമതലക്കാരിൽ അനിൽ ആന്റണിയെ ഉൾപ്പെടുത്തി

ന്യൂഡൽഹി: മിസോറാം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി പ്രചാരണത്തിന്റെ ചുമതലക്കാരിൽ അനിൽ ആന്റണിയെയും ഉൾപ്പെടുത്തി. നവംബർ ഏഴിനാണ് മിസോറാമിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേന്ദ്രമന്ത്രി കിരൺ റിജിജുവിനും പാർട്ടി നാഷണൽ സെക്രട്ടറി അനിൽ ആന്റണി, നാഗാലാൻഡ് ഉപമുഖ്യമന്ത്രി യാൻതുംഗോ പാറ്റൺ എന്നിവർക്കാണ് തിരഞ്ഞെടുപ്പ് ചുമതല നൽകിയിട്ടുള്ളത്.

കിരൺ റിജിജുവിനെ ഇലക്ഷൻ ഇൻ ചാർജ് ആയും അനിൽ ആന്റണി, യാൻതുംഗോ പാറ്റൺ എന്നിവരെ ഇലക്ഷൻ കോ-ഇൻ ചാർജുമാരായും ആണ് നിയമിച്ചിരിക്കുന്നത്.

ഡിസംബർ മൂന്നിനാണ് മിസോറാമിൽ വോട്ടെണ്ണൽ. നാൽപ്പതംഗ നിയമസഭയാണ് മിസോറമിലേത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മിസോ നാഷണൽ ഫ്രണ്ട് (എം.എൻ.എഫ്.) 26 സീറ്റുകളും സോറാം പീപ്പിൾസ് മൂവ്മെന്റ് (ഇസഡ്.പി.എം.) എട്ട് സീറ്റിലും കോൺഗ്രസ് അഞ്ച് സീറ്റിലും ബി.ജെ.പി. ഒരു സീറ്റിലുമാണ് വിജയിച്ചിരുന്നു.