ഹൈദരാബാദ്: തെലങ്കാനയിൽ ജനങ്ങൾക്ക് വൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്. മുതിർന്ന നേതാവ് സോണിയാ ഗാന്ധിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ സാമ്പത്തിക സഹായം, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ തുടങ്ങിയ വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ടു വെയ്ക്കുന്നത്.
വാഗ്ദാനങ്ങളെല്ലാം പാലിക്കുമെന്ന് സോണിയാ ഗാന്ധി ഉറപ്പുനൽകുകയും ചെയ്തു. ഹൈദരാബാദിലെ തുക്കുഗുഡയിൽ പൊതുറാലിയെ അഭിസംബോധന ചെയ്യവെയായിരുന്നു സോണിയയുടെ പരാമർശങ്ങൾ. സംസ്ഥാനത്തെ ടി.എസ്.ആർ.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര, കർഷകർക്കും പാട്ട കർഷകർക്കും പ്രതിവർഷം 15,000 രൂപ, കർഷകത്തൊഴിലാളികൾക്ക് പ്രതിവർഷം 12,000 രൂപ, നെൽകൃഷിക്ക് 500 രൂപ ബോണസ് എന്നിവ ഉറപ്പുവരുത്തുമെന്ന് സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി.
അർഹരായ കുടുംബങ്ങൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി, അഞ്ചുലക്ഷം രൂപയുടെ വിദ്യാ ഭറോസ കാർഡ്, എല്ലാ മണ്ഡലത്തിലും തെലങ്കാന ഇന്റർനാഷണൽ സ്‌കൂൾ, പ്രായമായവർക്ക് പ്രതിമാസം 4000 രൂപ പെൻഷൻ, പത്തുലക്ഷത്തിന്റെ രാജീവ് ആരോഗ്യശ്രീ ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയ വാഗ്ദാനങ്ങളും കോൺഗ്രസ് മുന്നോട്ടുവെച്ചിട്ടുണ്ട്.

