ന്യൂഡൽഹി: ലോക്സഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തിൽ ഇന്ത്യാ മുന്നണിയിൽ ആശങ്കയെന്ന് റിപ്പോർട്ട്. ഈ മാസം അവസാനത്തോടെയേ സീറ്റ് വിഭജനത്തിൽ അന്തിമതീരുമാനം ഉണ്ടാകുവെന്നാണ് വിവരം. ആദ്യം ബിഹാർ, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലാകും പ്രാഥമികമായ ചർച്ചകൾ തുടങ്ങുക.
ബംഗാളിൽ കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഎം എന്നിവരുമായാണ് സീറ്റു പങ്കിടേണ്ടത്. കോൺഗ്രസുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിട്ടുവീഴ്ചകൾക്ക് തയ്യാറാകുമെങ്കിലും സിപിഎമ്മിനെ എങ്ങനെ നേരിടുമെന്ന കാര്യം വ്യക്തമല്ല. കോൺഗ്രസ്, ജെഡിയു, ആർജെഡി എന്നിവരുമായാണ് ബിഹാറിൽ സീറ്റ് വിഭജനം നടത്തേണ്ടത്. ജെഡിയു, ആർജെഡി എന്നിവർക്ക് തുല്യമായി സീറ്റുകൾ പങ്കിട്ട് സമവായത്തിലെത്തുമെന്നാണ് പുറത്തു വരുന്ന വിവരം.
മഹാരാഷ്ട്രയിൽ കോൺഗ്രസ്, എൻസിപി, ശിവസേന (താക്കറെ) വിഭാഗം എന്നിവയുമായാണ് സീറ്റുകൾ പങ്കിടേണ്ടത്. മൂന്നുപാർട്ടികൾക്കും തുല്യമായി സീറ്റ് നൽകാനാണ് പദ്ധതിയെന്നും റിപ്പോർട്ടുകളുണ്ട്.

