സോളാർ ഗൂഢാലോചന; അന്വേഷണം വേണമെന്ന കാര്യത്തിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ അന്വേഷണം വേണമെന്ന കാര്യത്തിൽ യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇക്കാര്യത്തിൽ കോൺഗ്രസിനും യുഡിഎഫിനും വ്യക്തമായ നിലപാടാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫ് യോഗത്തിന് ശേഷം യുഡിഎഫ് കൺവീനർ പറഞ്ഞതെങ്കിലും, ഇനി മൊത്തം അന്വേഷണം വേണ്ട എന്ന തരത്തിൽ അത് തെറ്റിദ്ധരിക്കപ്പെട്ടു. മന്ത്രിസഭാ പുനഃസംഘടന ഇടതുമുന്നണിയുടെ ആഭ്യന്തര കാര്യമാണെന്നും മുഖം മിനുക്കി മിനുക്കി കൂടുതൽ വികൃതമാകുമോയെന്നു കാത്തിരുന്നു കാണാമെന്നും അദ്ദേഹം അറിയിച്ചു.

സോളർ കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന കാര്യത്തിൽ ഒരു ആശയക്കുഴത്തിന്റെയും ആവശ്യമില്ല. അന്വേഷണം വേണമെന്നു തന്നെയാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാട്. ഒരു ചെറിയ ആശയക്കുഴപ്പം ഉണ്ടായി എന്നത് നേരാണ്. യുഡിഎഫ് യോഗം കഴിഞ്ഞ് കൺവീനർ സംസാരിച്ചപ്പോൾ അന്വേഷണം വേണ്ടാ എന്നു പറഞ്ഞു. അതിനു കാരണമുണ്ട്. അന്വേഷണത്തിന് എഴുതിക്കൊടുക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്തു. മുഖ്യമന്ത്രിയാണ് ഈ കേസിലെ ഒന്നാം പ്രതിയെന്ന് താൻ തന്നെ നിയമസഭയിൽ പറഞ്ഞതാണ്. ഒന്നാം പ്രതിയായ മുഖ്യമന്ത്രിക്ക് എങ്ങനെയാണ് അന്വേഷണം വേണമെന്ന് നമ്മൾ എഴുതിക്കൊടുക്കുന്നത്. ആ അന്വേഷണം വേണ്ട, അതായത് കേരള പൊലീസിന്റെ അന്വേഷണം വേണ്ട എന്നാണ് കൺവീനർ പറഞ്ഞത്. അത് മൊത്തം അന്വേഷണം വേണ്ട എന്ന രീതിയിൽ തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും അദ്ദേഹം അറിയിച്ചു.