ഭാരത സാരഥിയ്ക്കിന്ന് 73-ാം പിറന്നാൾ

മേരെ പ്യാരി ദേശ് വാസിയോം सत्ता तक मेरे साथ चलो, എന്റെ പ്രിയപ്പെട്ട ജനങ്ങളെ എനിക്കൊപ്പം നടക്കു അധികാരത്തിലേക്ക്. എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് ഇന്ത്യയുടെ രാഷ്ട്രീയ മാനങ്ങളെ പാടെ തകർത്ത് വെല്ലുവിളികളെ അവസരങ്ങളാക്കി 2014 മെയ് 4 ന് ഇന്ത്യയിൽ മോദി സർക്കാർ ഉദയം ചെയ്തു. 1950 സെപ്റ്റംബർ 17 ന് ദാമോദർ ദാസ് മൂൽചന്ദ് മോദിയുടെയും ഹീരാബെന്നിന്റെയും ആറുമക്കളിൽ മൂന്നാമനായി ജനനം. എട്ടാം വയസിൽ ആർ എസ് എസ് ശാഖയിൽ എത്തി. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിലേക്കു വന്ന മോദി പിന്നീട് ഡൽഹി സർവ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ രാഷ്ട്രതന്ത്രത്തിൽ ബിരുദവും , ഗുജറാത്ത് സർവ്വകലാശാലയിൽ നിന്നും അതേ വിഷയത്തിൽ തന്നെ ബിരുദാനന്തര ബിരുദവും നേടുകയുണ്ടായി.

രാഷ്ട്രീയ സ്വയം സേവക് സംഘത്തിൽ നിന്നും ദീർഘ പരിശീലനം ലഭിച്ച മോദി ഗുജറാത്തിലെ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൽ വിദ്യാർത്ഥി നേതാവാകുകയും, തുടർന്ന് ബി.ജെ.പി, നവനിർമ്മാൺ എന്നീ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തു. 1968 ൽ സന്യാസിയാകാൻ വീടുവിട്ടിറങ്ങി. ഗുരുവായ വിവേകാനന്ദനെ മുന്നിൽകണ്ട് ഹിമാലയം ലക്ഷ്യമാക്കി അയാൾ നടന്നു. പിന്നീട് തിരികെയെത്തിയ മോദി 1971 ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധ കാലഘട്ടത്തിലാണ് ആർ.എസ്സ്.എസ്സിൽ സജീവമാകുന്നത് . 1975 ൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഒളിവിൽ പോയ മോദി, അവിടെയിരുന്ന് കേന്ദ്ര സർക്കാരിനെതിരേ ലഘുലേഖകൾ തയ്യാറാക്കി ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു. ജയപ്രകാശ് നാരായൺ അടിയന്തരാവസ്ഥക്കെതിരേ നടത്തിയ സമരങ്ങളിലും, മോദി ഭാഗഭാക്കായിരുന്നു. 1985 ൽ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ ആർ.എസ്സ്.എസ്സ് മോദിയോട് ആവശ്യപ്പെട്ടു.

1988 ൽ ഭാരതീയ ജനതാ പാർട്ടിയുടെ ഗുജറാത്ത് ഘടകത്തിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയായ മോദിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് 1995 ൽ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടി നേടിയ വൻവിജയത്തിനു പിന്നിൽ. 2001-ൽ കേശുഭായ് പട്ടേൽ സ്ഥാനമൊഴിഞ്ഞിടത്തേക്ക് അദ്ദേഹത്തിനു പകരം ബി.ജെ.പിയുടെ മുഖ്യമന്ത്രിയായി മോദി സ്ഥാനമേറ്റെടുത്തു. അതിനു ശേഷം നടന്ന മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ സർക്കാർ അധികാരത്തിൽ വരുകയും 2002-ലും 2007-ലും തുടർന്ന 2012-ലും മോദി തന്നെ മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു.

ഗുജറാത്ത് കലാപത്തെത്തുടർന്ന് മോദി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യമുയർന്നു. രാജിക്ക് തയ്യാറായ മോദിയെ ഭരണകൂടം പിന്തിരിപ്പിച്ചു. തുടർന്ന് നടന്ന റീ ഇലക്ഷനിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ മോദി ഭരണത്തിലെത്തി. മോദിയുടെ രണ്ടാമൂഴത്തിൽ ഹൈന്ദവതയെ മാറ്റി നിർത്തി സാമ്പത്തിക വികസനത്തിൽ ഊന്നൽ നൽകാനാണ് മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം ശ്രമിച്ചത്. 2002-2007 കാലഘട്ടത്തിൽ ഗുജറാത്തിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനാണ് മോദി ശ്രമിച്ചത്. ഇന്ത്യയിൽ 2014-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഭാരതീയ ജനതാ പാർട്ടി നരേന്ദ്രമോദിയെയായിരുന്നു ഉയർത്തിക്കാട്ടിയത്. ഒടുവിൽ ഭാരതീയ ജനത പാർട്ടിയുടെ വൻ വിജയം, 2014 മെയ് 4 ന് രാജ്യത്തെ 14 മത് പ്രധാനമന്ത്രിയായി ശ്രീ നരേന്ദ്ര ദാമോദർദാസ് മോദി അധികാരമേറ്റു. വിവാദങ്ങളും പുരോഗതിയും സമ്മിശ്രമായ നീണ്ട ഒൻപത് ഭരണവർഷങ്ങൾ. വിവാദങ്ങൾക്കൊടുവിൽ രാമക്ഷേത്രനിർമ്മാണം, ജമ്മു കശ്മീരിന്റെ നിലനിന്നപ്രത്യേക ഭരണഘടന പദവി റദ്ധാക്കൽ, സുപ്രധാനമായ പൗരത്വ ഭേദഗതി, വികസനം എന്തെന്നറിയാത്ത ഇന്ത്യൻ ഗ്രാമങ്ങളിൽ ഉജ്വല പദ്ധതിയുടെ ഭാഗമായി സൗജന്യ ഗ്യാസ് കണക്ഷൻ, സമ്പൂർണ്ണ വൈദുതികരണ രാജ്യം, 11.72 കോടിയിലധികം ശൗചാലയങ്ങൾ, സാധാരണ ജനങ്ങൾക്ക് 3. 5 കോടിയിലധികം വീടുകൾ 47. 8 കോടി ജനങ്ങൾക്ക് ശുദ്ധജല കണക്ഷൻ, gst സാമ്പത്തിക പരിഷ്കരണം തുടങി മൻ കീ ബാത്ത്, സ്വഛ്‌ഭാരത്, ജലജീവൻ, സൗഭാഗ്യയോചന തുടങ്ങി നിരവധി പദ്ധതികളിലൂടെ രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരത്തിലെയും അവശ്യ സേവനങ്ങളുടെയും മുന്നേറ്റം. കള്ളപ്പണത്തിനു മേൽ കടിഞ്ഞാൺ ഇട്ടുകൊണ്ട് 2016 നവംബർ 8 അർധരാത്രി രാജ്യത്ത് സമ്പൂർണ്ണ നോട്ട് നിരോധനം.

രണ്ടാം മോദി സർക്കാരിനെ നേരിട്ട ഏറ്റവും വലിയ വിപത്ത് കോവിഡ് മഹാമാരിയായിരുന്നു . പല സാമ്പത്തിക ശക്തികളെയും കൊറോണ തകർത്തപ്പോൾ ഇന്ത്യ പിടിച്ചു നിന്നു. അടച്ചുപൂട്ടിയ രാഷ്ട്രത്തിന്റെ പ്രാഥമിക ആവശ്യമായ വിശപ്പകറ്റാൻ 80 കോടി ജനങ്ങൾക് സൗജന്യ അരി നൽകി, ഇന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ഏറെ വിവാദങ്ങൾ സൃഷ്ട്ടിച്ച മറ്റൊന്ന് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണവും ഉദ്ഘാടന ചടങ്ങുകളുമാണ്. വേദമന്ത്രോച്ചാരണങ്ങൾക്കിടയിൽ, വാസ്തു പൂജാ ചടങ്ങുകളുടെ ഭാഗമായി പ്രധാനമന്ത്രി ഗണപതി ഹോമം നടത്തി, ബിസി മൂന്നാം നൂറ്റാണ്ടിൽ വേരുറപ്പിച്ച ചോള രാജവംശത്തിന്റെ പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന ആചാരപരമായ ചെങ്കോലായ ‘സെങ്കോളിന്’ മുന്നിൽ സാഷ്ടാംഗം പ്രണമിച്ചത്തിനു ശേഷം ചെങ്കോൽ സ്‌പീക്കറുടെ ചേംബറിനരികിൽ സ്ഥാപിച്ചു. ഇന്ന് ദേശീയരാഷ്ട്രീയത്തിൽ സർവ്വം മോദിമയമാണ്. യോഗ ജീവിതമാക്കിയ ഒരു സസ്യാഹാരിയായ മോദി ഒരു സന്യാസിയാണെന്നാണ് അനുഭാവികളുടെ പക്ഷം. സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തിലും ഏറ്റവും കൂടുതൽ ആളുകൾ പിൻതുടരുന്നതുമായ ലോക രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് മോദി. ഷോർട്ടകട്ടുകൾ ഇഷ്ടപ്പെടാത്ത പ്രിവിലേജുകളില്ലാതെ കയറിവന്ന മോദി വിഭാവനം ചെയ്ത ഇന്ത്യ , പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യൻ ജനതയുടെ ഭൂരിപക്ഷം ജനങ്ങളും മോദിക്കൊപ്പമുണ്ട്.