എല്ലാവർക്കും അവരുടേതായ അവകാശങ്ങളുണ്ട്; മാധ്യമ സ്വാതന്ത്ര്യത്തിന് പിന്തുണ അറിയിച്ച് ബിഹാർ മുഖ്യമന്ത്രി

പട്ന: ഇന്ത്യാ സഖ്യം ചില വാർത്താ അവതാരകരേയും ചാനൽ ചർച്ചകളും ബഹിഷ്‌കരിക്കാൻ തീരുമാനിച്ചതിനു പിന്നാലെ മാധ്യമ സ്വാതന്ത്ര്യത്തിന് പിന്തുണ അറിയിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. എല്ലാവർക്കും അവരുടേതായ അവകാശങ്ങളുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.

ചാനൽ അവതാരകരെ ബഹിഷ്‌കരിച്ചതിനെക്കുറിച്ച് തനിക്കറിയില്ലായിരുന്നു. താൻ മാധ്യമപ്രവർത്തകരെ പിന്തുണക്കുന്നു. എല്ലാവർക്കും സർവ സ്വാതന്ത്ര്യമുണ്ടായിരിക്കുമ്പോൾ മാധ്യമപ്രവർത്തകരും അവർക്ക് ഇഷ്ടമുള്ളതെന്താണോ അതെഴുതും. അവർ നിയന്ത്രിക്കപ്പെടുന്നുണ്ടോയെന്നും താനത് എപ്പോഴെങ്കിലും ചെയ്തിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അവർക്കും അവകാശങ്ങളുണ്ട്. താൻ ആർക്കും എതിരല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്രം ഭരിക്കുന്നവർ ഇതിനകം തന്നെ ചില മാധ്യമപ്രവർത്തകരെ നിയന്ത്രിച്ചിട്ടുണ്ടെന്നും ഇന്ത്യാ സഖ്യത്തിന് എന്തോ സംഭവിക്കുന്നതായി അനുഭവപ്പെട്ടതിനാലായിരിക്കും ബഹിഷ്‌കരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.