700 മെഗാവാട്ട് ന്യൂക്ലിയർ പവർ പ്ലാന്റ് ഗുജറാത്തിൽ പ്രവർത്തനം ആരംഭിച്ചു

ഇന്ത്യയിൽ ആഭ്യന്തരമായി വികസിപ്പിച്ച ആദ്യ 700 മെഗാവാട്ട് ന്യൂക്ലിയർ പവർ പ്ലാന്റ് ഗുജറാത്തിൽ പ്രവർത്തനമാരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം അറിയിച്ചു. ഗുജറാത്തിലെ കക്രപാറിൽ പൂർണ്ണ ശേഷിയിൽ പ്രവർത്തനം ആരംഭിച്ചതായി അദ്ദേഹം എക്സ് പ്ലാറ്റഫോംമിലൂടെയാണ് അറിയിച്ചത്. ഇന്ത്യ മറ്റൊരു നാഴികക്കല്ല് കൈവരിക്കുന്നു. ഗുജറാത്തിലെ ആദ്യത്തെ ഏറ്റവും വലിയ തദ്ദേശീയ 700 മെഗാവാട്ട് കക്രപാർ ആണവനിലയം യൂണിറ്റ്-3 പൂർണ്ണ ശേഷിയിൽ പ്രവർത്തനം ആരംഭിക്കുന്നു. അഭിനന്ദനങ്ങൾ നമ്മുടെ ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും എന്നാണ് അദ്ദേഹം എക്സ് (പഴയ ട്വിറ്റർ ) പ്ലാറ്റഫോംമിലൂടെ അറിയിച്ചത്.

കക്രപാർ ആറ്റോമിക് പവർ പ്രോജക്ടിലെ (കെഎപിപി) റിയാക്ടർ മുമ്പ് ജൂൺ 30 ന് വാണിജ്യ പ്രവർത്തനം ആരംഭിച്ചിരുന്നുവെങ്കിലും നിലവിൽ യൂണിറ്റ് അതിന്റെ മൊത്തം പവറിന്റെ 90 ശതമാനവും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈയിൽ കെഎപിപി യൂണിറ്റ്-4 97.56 ശതമാനം പുരോഗതി കൈവരിച്ചു. രാജ്യത്തുടനീളം പതിനാറ് 700 മെഗാവാട്ട് പ്രഷറൈസ്ഡ് ഹെവി വാട്ടർ റിയാക്ടർ-കൾ നിർമ്മിക്കുന്നതിന് ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്ന് സാമ്പത്തികവും ഭരണപരവുമായ അനുമതികൾ അനുവദിച്ചിട്ടുണ്ട്. 700 മെഗാവാട്ട് ആണവ നിലയങ്ങളുടെ നിർമ്മാണം ഇപ്പോൾ രാജസ്ഥാനിലെ റാവത്ഭട്ടയിലും (RAPS-7, 8) ഹരിയാനയിലെ ഗോരഖ്പൂരിലും (GHAVP-1, 2) നടന്നുകൊണ്ടിരിക്കുകയാണ്.ഹരിയാനയിലെ ഗോരഖ്പൂർ, മധ്യപ്രദേശിലെ ചുട്ക, രാജസ്ഥാനിലെ മഹി ബൻസ്വാര, കർണാടകയിലെ കൈഗ എന്നീ നാല് സ്ഥലങ്ങളിൽ തദ്ദേശീയമായി വികസിപ്പിച്ച 10 PHWR-കൾ ഫ്ലീറ്റ് മോഡിൽ നിർമ്മിക്കാൻ സർക്കാർ അനുമതി നൽകിയിട്ടും ഉണ്ട്.