തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർദ്ധന ഉടൻ ഉണ്ടാകുമെന്ന സൂചന നൽകി മന്ത്രി കെ കൃഷ്ണൻകുട്ടി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ വൻ വർദ്ധന ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. 2023-24ൽ 6.19 വർദ്ധനവും തുടർന്നുള്ള വർഷങ്ങളിൽ യഥാക്രമം 4.5 ശതമാനം, 2.36 ശതമാനം. 0.14 വർദ്ധനവാണ് കെഎസ്ഇബി ശുപാർശ ചെയ്തിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വൈദ്യുതി നിരക്കിൽ കെ എസ് ഇ ബിയുടെ പെൻഷൻ ബാദ്ധ്യതയും ഉൾപ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ ഹൈക്കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ഹൈടെൻഷൻ, എക്‌സ്ട്രാ ഹൈടെൻഷൻ കൺസ്യൂമേഴ്‌സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഇതുസംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് മുരളി പുരുഷോത്തമനാണ് വിധി പുറപ്പെടുവിച്ചത്.
2003ലെ വൈദ്യുതിനിയമം, വൈദ്യുതിചട്ടം എന്നിവ പാലിക്കാതെയാണ് വ്യവസ്ഥ അന്തിമ റെഗുലേഷനിൽ ഉൾപ്പെടുത്തിയത്. കരടിൽ ഇല്ലാത്ത വ്യവസ്ഥ ഉൾപ്പെടുത്തുമ്പോൾ റെഗുലേറ്ററി കമ്മിഷൻ നടപടിക്രമങ്ങൾ പാലിക്കണമെന്നും നിർദ്ദേശിച്ചു. വോൾട്ടേജ് അടിസ്ഥാനത്തിലുള്ള വിതരണച്ചെലവ് കണക്കാക്കി താരിഫ് നിശ്ചയിക്കണമെന്ന ഹർജിക്കാരുടെ ആവശ്യത്തിൽ ഹൈക്കോടതി ഇടപെട്ടിരുന്നില്ല.

