തൃശൂർ: കാട്ടാന ആക്രമണത്തെ തുടർന്ന് വനംവാച്ചർ കൊല്ലപ്പെട്ടു. അതിരപ്പിള്ളി പൊകലപ്പാറയിലായിരുന്നു സംഭവം. കൊല്ലതിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ ഇരുമ്പൻ കുമാരനാണ് മരിച്ചത്. 55 വയസായിരുന്നു.
കാടിനുള്ളിൽ പരിശോധനയ്ക്ക് പോയതായിരുന്നു വനംവാച്ചറും സംഘവും. ഈ സമയത്തായിരുന്നു കാട്ടാനയുടെ ആക്രമണം. കൊല്ലതിരുമേട് ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറാണ് ഇരുമ്പൻ കുമാരൻ. പച്ചിലകുളം കരടിപ്പാറ പ്രദേശത്ത് വച്ചാണ് കാട്ടാന ആക്രമണം ഉണ്ടായത്.
മേഖലയിൽ തുടർച്ചയായി കാട്ടാന ആക്രമണങ്ങൾ ഉണ്ടാകാറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ തോട്ടം തൊഴിലാളിയുടെ വീടിന് നേരെ കാട്ടാന ആക്രമണം നടന്നിരുന്നു. കാലടി പ്ലാന്റേഷൻ കോർപ്പറേഷൻ തോട്ടം തൊഴിലാളി അഭിലാഷിന്റെ വീടാണ് ആന തകർത്തത്. അടുക്കളഭാഗം പൊളിച്ച് വീടിനകത്ത് കയറിയ ആന അകത്തുണ്ടായിരുന്ന സാധനങ്ങളെല്ലാം തകർത്തു.

